അരുവിപ്പുറം : ശ്രീനാരായണഗുരു പ്രഥമപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം മഠത്തിൽ വിദ്യാരംഭദിവസമായ വെള്ളിയാഴ്ച രക്ഷാകർത്താക്കൾതന്നെ കുരുന്നുകളെ ആദ്യക്ഷരമെഴുതിച്ചു. അരുവിപ്പുറം മഠത്തിലെ ഗുരുക്ഷേത്രത്തിലാണ് ചടങ്ങുകൾ നടന്നത്. രാവിലെ നടന്ന പ്രത്യേക പൂജകൾക്കു ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്.

വിജയദശമിദിനത്തിൽ ആദ്യക്ഷരം കുറിക്കുന്നതിനുവേണ്ടി മാസങ്ങൾക്കു മുൻപുതന്നെ രക്ഷാകർത്താക്കൾ വിവരങ്ങൾ തേടിയിരുന്നു. ആഴ്ചകൾക്കു മുൻപ്‌ ശിവഗിരിമഠം ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് രക്ഷാകർത്താക്കൾതന്നെ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കാൻ തീരുമാനിച്ചത്. ക്ഷേത്ര ശാന്തിക്കാരായ പരശു, ശ്രീജിത് എന്നിവർ നേതൃത്വം നൽകി.