തിരുവനന്തപുരം : സുപ്രീംകോടതി നിർദേശിച്ചിട്ടും പെൻഷൻ വർധന ലഭിക്കാതെ സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷൻ പെൻഷൻകാർ. 29 വർഷം മുമ്പുള്ള നിരക്കിലാണ് ഇപ്പോഴും ഇവർക്ക് പെൻഷൻ ലഭിക്കുന്നത്. ശരാശരി 2500 മുതൽ 3000 രൂപവരെയാണ് പെൻഷൻ.

കോർപ്പറേഷനിലെ നിയമം അനുസരിച്ച് വിരമിച്ചവർക്ക് പെൻഷൻ നൽകണമെന്ന് 2017ൽ സുപ്രീംകോടതി ഉത്തരവിട്ടതാണ്. കോടതിവിധിക്കനുസരിച്ച് പെൻഷൻ നൽകാൻ സർക്കാരും നിർദേശിച്ചതാണ്. എന്നാൽ, നാലുവർഷം കഴിഞ്ഞിട്ടും കോർപ്പറേഷൻ ഇതു നടപ്പാക്കിയില്ല. 575ഓളം പെൻഷൻകാരാണ് കോർപ്പറേഷനിൽ നിലവിലുള്ളത്. വിധി നടപ്പാക്കാത്തതിനെതിരേയും പെൻഷൻകാർ കോടതിയെ സമീപിച്ചിട്ടുണ്ട്്.

കഴിഞ്ഞ ഫെബ്രുവരിയിൽ പെൻഷനേഴ്‌സ് സമരസമിതിയുടെ നേതൃത്വത്തിൽ കോർപ്പറേഷന്റെ പ്രധാന ഓഫീസിനു മുന്നിൽ സത്യാഗ്രഹ സമരം നടത്തിയിരുന്നു.

തുടർന്നു നടത്തിയ ചർച്ചയിൽ കോടതിവിധി നടപ്പാക്കുന്നതുവരെ പ്രതിമാസം 5000 രൂപ ഇടക്കാലാശ്വാസം നൽകാം എന്ന് അറിയിച്ചിരുന്നു. മൂന്നുമാസം കഴിഞ്ഞിട്ടും ആ തീരുമാനം നടപ്പാക്കിയിട്ടില്ലെന്ന് സമരസമിതി കൺവീനർ ആർ.ഗോപകുമാർ പറയുന്നു.

പെൻഷൻ പരിഷ്‌കരണത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കൃഷിമന്ത്രി പി.പ്രസാദിനും സമരസമിതി അപേക്ഷ നൽകിയിരുന്നു.

വെയർ ഹൗസിങ് കോർപ്പറേഷൻ പെൻഷൻകാരുടെ പെൻഷൻ പരിഷ്‌കരണം നടക്കാത്തതു സംബന്ധിച്ച് മന്ത്രി പി.പ്രസാദ് കോർപ്പറേഷൻ അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.