ബാലരാമപുരം: മൂന്ന് വർഷത്തോളമായി ബാലരാമപുരത്തെ വാണിഗർ തെരുവിൽ കോടികൾ മുടക്കി കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി കൂറ്റൻ ടാങ്ക് സ്ഥാപിച്ചെങ്കിലും റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി ഇപ്പോഴും അനന്തമായി നീളുന്നു. കോവിഡിന്റെ രണ്ടാം വരവിലും ബാലരാമപുരത്തുകാരുടെ കുടിവെള്ള പ്രശ്‌നത്തിനു പരിഹാരം കാണാനായില്ലെന്നാണ് പരാതി.

കനത്ത മഴയിലും ഇവിടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാണുള്ളത്. ജില്ലയിലെ പ്രധാന വാണിജ്യ പട്ടണമായ ബാലരാമപുരത്തെ പ്രധാന തെരുവുകളിലൊന്നായ വാണിഗർ തെരുവിലെ ലക്ഷംവീട് കോളനിയിലാണ് കോടികൾ മുടക്കി കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് മുമ്പ് കൂറ്റൻ ടാങ്ക് സ്ഥാപിച്ചത്. പണി പൂർത്തിയായിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും പ്രവർത്തനക്ഷമമാക്കാൻ കഴിയാത്തത് റെയിൽവേയുടെ അനുമതി ലഭിക്കാത്തതിനാലാണ്.

ചൂഴാറ്റുകോട്ടയിൽനിന്ന് മൊട്ടമൂട്ടിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ വെള്ളമെത്തിച്ച് അവിടെനിന്ന് വാണിഗർ തെരുവിൽ സ്ഥാപിച്ച ടാങ്കിലേക്ക്‌ വെള്ളമെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ വെള്ളമെത്തിക്കുന്നതിന് മുക്കംപാലമൂട്ടിലുള്ള റെയിൽവേ തുരങ്കത്തിന് മുകളിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കേണ്ടതായുണ്ട്. ഇതിനുള്ള അനുമതിയാണ് ഇതുവരെ ലഭിക്കാത്തത്.

ഇരുവശങ്ങളിലും പൈപ്പ് ലൈൻ സ്ഥാ‌പിച്ചിട്ടുണ്ടെങ്കിലും ഏകദേശം 60 മീറ്ററോളം ഭാഗം മാത്രമാണ് റെയിൽവേ തുരങ്കത്തിന് മുകളിലൂടെ ഇനി സ്ഥാപിക്കേണ്ടതായുള്ളത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതരുമായി എം.പി., എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നിരവധി തവണ ചർച്ച നടത്തിയതല്ലാതെ പരിഹാരം കാണാൻ ഇനിയും കഴിഞ്ഞിട്ടില്ല.

ടാങ്ക് നിർമാണം പൂർത്തീകരിച്ചിട്ട് വർഷങ്ങളായെങ്കിലും പൈപ്പിടാൻ റെയിൽവേയുടെ അനുമതി ലഭിച്ചില്ലമഴക്കാലത്തും കുടിവെള്ളത്തിന് നെട്ടോട്ടംജനപ്രതിനിധികൾ നിസാരമായി കാണുന്നു

ബാലരാമപുരത്തെ കുടിവെള്ള പദ്ധതിയിലൂടെ മൂന്ന് പഞ്ചായത്തുകൾക്കാണ് പ്രയോജനം കിട്ടുന്നത്. പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന് ഇതുമായി ബന്ധപ്പെട്ട് എം.പി.ക്കും എം.എൽ.എ.ക്കും നിവേദനങ്ങൾ നൽകിയിട്ടും ഫലം കാണാൻ കഴിയാതെ പോകുന്നത് നിർഭാഗ്യകരമാണ്

കെ.ഹരിഹരൻ, മുൻ പഞ്ചായത്തംഗം  വാണിഗർ തെരുവിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ ടാങ്ക്ശാശ്വത പരിഹാരമുണ്ടാക്കും

കോവിഡിന്റെ രണ്ടാംവരവിനെ തുടർന്നുണ്ടായ സാഹചര്യങ്ങൾ മാറുന്നതോടെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വതപരിഹാരം കാണാൻ ശ്രമിക്കും. സർക്കാർ റെയിൽവേ അധികൃതർക്ക് അടയ്‌ക്കേണ്ടതായ തുക അടച്ചുകഴിഞ്ഞാൽ അനുമതി നൽകുമെന്നാണ് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. ജലവിഭവ വകുപ്പ് മന്ത്രിയുമായി ഉടൻ ചർച്ച നടത്തും.

എം.വിൻസെന്റ് ,എം.എൽ.എ.

കുടിവെള്ളം ആഴ്ചയിൽ മൂന്ന് ദിവസം മാത്രം റെയിൽവേയുടെ അനുമതിക്ക് വർഷങ്ങളുടെ കാത്തിരിപ്പ്പല പ്രദേശങ്ങളിലും കുടിവെള്ളമെത്തുന്നത് ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ടാങ്ക് സ്ഥാപിച്ചിട്ടുള്ള ലക്ഷംവീട് കോളനി നിവാസികൾ വീടിനുള്ളിൽ ചെറിയ കന്നാസുകളിലും കുടങ്ങളിലും വെള്ളം ശേഖരിച്ച് വയ്ക്കുകയാണ് പതിവ്. വീട്ടാവശ്യത്തിന് മാത്രമാണ് ശേഖരിച്ച് വയ്ക്കുന്ന വെള്ളം ഉപയോഗപ്പെടുത്തുന്നത്. കുളിക്കുവാനും തുണി അലക്കുന്നതിനും കനാലിലെ വെള്ളമാണ് ഇവിടത്തുകാരുടെ ആശ്രയം. കനാലിലൂടെ വെള്ളം സ്ഥിരമായി തുറന്നുവിടാത്തതും ഇവരെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നു. കോവിഡിനെ തുടർന്ന് കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കാരണം മറ്റിടങ്ങളിലേക്ക്‌ പോകുന്നതിനും ബുദ്ധിമുട്ടാണെന്നാണ് ഇവർ പറയുന്നത്.തുരങ്കത്തിന് മുകളിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റെയിൽവേയുടെ അനുമതി ലഭിക്കണമെങ്കിൽ ഇനിയും കാത്തിരിക്കേണ്ടിവരും. നാഗർകോവിൽ-തിരുവനന്തപുരം പാത ഇരട്ടിപ്പിക്കലിന്റെ പണി ആരംഭിച്ചാൽ മാത്രമേ റെയിൽവേയുടെ അനുമതി ലഭിക്കുകയുള്ളൂ. കുഴിത്തുറവരെയുള്ള ഭാഗങ്ങളിൽ പാത ഇരട്ടിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചെങ്കിലും ബാക്കിയുള്ള ഭാഗങ്ങളിൽ സ്ഥലമേറ്റെടുക്കുന്ന നടപടികൾ പോലും ആരംഭിച്ചിട്ടില്ല. സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാര തുക കൈമാറി വരുമ്പോൾ ഇനിയും വർഷങ്ങൾ തന്നെ എടുത്തേക്കും.പരിഹാരം പ്രതീക്ഷിച്ചു

കോവിഡിന്റെ ഒന്നാംവരവിൽ തന്നെ പരിഹാരം കാണുമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ഈ കടുത്ത സാഹചര്യത്തിലും പരിഹാരം കാണാൻ കഴിയാതെ പോകുന്നത് ജനങ്ങളോട് കാണിക്കുന്ന അനീതിയാണ്

ജയകുമാർ, പ്രദേശവാസി

നടൻ സത്യനെ അനുസ്മരിച്ചു

നെയ്യാറ്റിൻകര : നടൻ സത്യന്റെ അൻപതാം ചരമവാർഷികദിനത്തിൽ ഗാന്ധിമിത്രമണ്ഡലം മരുതത്തൂർ ഉപസമിതിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം ചേർന്നു. ഗാന്ധിയൻ പി.ഗോപിനാഥൻനായർ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ബിനു മരുതത്തൂർ അധ്യക്ഷനായി. ബി.ജയചന്ദ്രൻ, സി.ഗോപിനാഥ്, തിരുപുറം സോമശേഖരൻനായർ, അമ്പലം രാജേഷ് എന്നിവർ സംസാരിച്ചു.