വർക്കല : കോവിഡ് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ശിവഗിരി എസ്.എൻ. കോളേജിൽ ഒരുസംഘം വിദ്യാർഥികളുടെ ആഘോഷം. കോളേജ് അധികൃതരുടെ അനുമതിയില്ലാതെയാണ് രണ്ടുമണിക്കൂറോളം അഞ്ഞൂറോളം വിദ്യാർഥികൾ ഡി.ജെ. പാർട്ടിയുൾപ്പെടെയുള്ള ആഘോഷം നടത്തിയത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും ആഘോഷം തടയാനായില്ല.

വ്യാഴാഴ്ച രാവിലെ വിദ്യാർഥികൾ ഫ്രഷേഴ്‌സ് ഡേ, സെന്റോഫ് ആഘോഷം നടത്താൻ ഒരുങ്ങിയപ്പോൾ, കോളേജ് മാനേജ്‌മെന്റും പ്രിൻസിപ്പലും എതിർത്തു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഘോഷപരിപാടികളിൽനിന്നു പിൻമാറണമെന്ന് വിദ്യാർഥികളോട് ആവശ്യപ്പെട്ടു.

എന്നാൽ വലിയ തുക കൊടുത്ത് ഡി.ജെ. ഉൾപ്പെടെ ബുക്ക് ചെയ്തതാണെന്നും പരിപാടി നടത്തണമെന്നുമായിരുന്നു വിദ്യാർഥികളുടെ നിലപാട്. ഉച്ചയ്ക്ക് ഒന്നരയോടെ വിദ്യാർഥികൾ കോളേജ് ഓഡിറ്റോറിയത്തിൽ ആഘോഷപരിപാടികൾ ആരംഭിച്ചു. ഇതോടെ കോളേജ് അധികൃതർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടു. ഉടൻ നിർത്താമെന്ന ഉറപ്പിൽ പോലീസ് മടങ്ങിയപ്പോൾ വിദ്യാർഥികൾ ആഘോഷം തുടരുകയായിരുന്നു.