വട്ടിയൂർക്കാവ് :► വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈലിൽ സംസാരിച്ചയാളിൽനിന്ന്‌ പോലീസ് ഫോൺ പിടിച്ചെടുത്തതിനെത്തുടർന്ന് വട്ടിയൂർക്കാവ് സ്റ്റേഷനു മുന്നിൽ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകരുടെ പ്രതിഷേധം.

മണ്ണമ്മൂല സ്വദേശി സുകു എന്നയാളുടെ മൊബൈൽ ആണ് ജൂനിയർ എസ്.ഐ. അഭിഷേക് പിടിച്ചെടുത്തത്. മണ്ണറക്കോണം പെട്രോൾ പമ്പിനു മുന്നിൽ ബുധനാഴ്ച രാവിലെ പത്തര മണിയോടെയാണ് സംഭവം. സ്കൂട്ടറിൽ വരുകയായിരുന്ന സുകു മൊബൈൽ ഉപയോഗിച്ചിരുന്നതായും ഇതേത്തുടർന്നാണ് ഫോൺ പിടിച്ചെടുത്തതെന്നും പോലീസ് പറയുന്നു.

സംഭവമറിഞ്ഞ് പോലീസ് സ്റ്റേഷനു മുന്നിൽ ബി.ജെ.പി.-ആർ.എസ്.എസ്. പ്രവർത്തകർ തടിച്ചു കൂടി പ്രതിഷേധിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കവും നടന്നു. ജൂനിയർ എസ്.ഐ. മാപ്പു പറയണമെന്നും മൊബൈൽ തിരികെ നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ഇതിനിടെ പ്രതിഷേധക്കാരിൽ ചിലർ സ്റ്റേഷനകത്തേക്കു കയറാൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു. ബി.ജെ.പി.- ആർ.എസ്.എസ്. നേതാക്കളും പോലീസും തമ്മിൽ നടന്ന ചർച്ചയെത്തുടർന്നാണ് സംഘർഷം അവസാനിച്ചത്. സ്റ്റേഷൻ ഉപരോധിച്ചവർക്കെതിരേ പോലീസ് കേസെടുത്തു.