ചിറയിൻകീഴ് : മാലിന്യക്കുഴിയിൽ വീണ പശുവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിൽ കരകയറ്റി.

ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് കടയ്ക്കാവൂർ പെരുംകുളം അൽ ബുർഹാൻ അറബിക് കോളേജിന്റെ ഉടമസ്ഥതയിലുള്ള പശു ഇടുങ്ങിയ മാലിന്യക്കുഴിയിൽ വീണത്.

കുഴിക്ക് വിസ്താരം കുറവായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ആറ്റിങ്ങൽ അഗ്‌നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനുശേഷം രാത്രിതന്നെ പശുവിനെ സുരക്ഷിതമായി കരയ്ക്കുകയറ്റി.

കോളേജിന്റെ നിയന്ത്രണത്തിലുള്ള യത്തിംഖാനയ്ക്കായി വാങ്ങിയ പശുവാണ് അപകടത്തിൽപ്പെട്ടത്.

സേനാംഗങ്ങളായ സജീം, ബിനു കെ., വിനീത്, നിതിൻ, ദിനേശ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.