പാറശ്ശാല: സി.പി.എം. ജില്ലാ സമ്മേളനത്തിന് സംസ്ഥാന അതിർത്തിഗ്രാമമായ പാറശ്ശാലയിൽ തുടക്കമായി. പാറശ്ശാല ജയമഹേഷ് ഓഡിറ്റോറിയത്തിൽ തയ്യാറാക്കിയ മണ്ഡപത്തിൽ മുതിർന്ന സമ്മേളന പ്രതിനിധിയായ പട്ടം വാമദേവൻനായർ പതാക ഉയർത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്.

ഉദ്ഘാടകനായി എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു.

ബാലസംഘം പ്രവർത്തകർ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് സമ്മേളന നടപടി തുടങ്ങിയത്. കവി ഏഴാച്ചേരി രാമചന്ദ്രൻ രചിച്ച്, ഗായകൻ കല്ലറ ഗോപൻ സംഗീതം നൽകിയതായിരുന്നു സ്വാഗത ഗാനം. മന്ത്രി വി.ശിവൻകുട്ടി സമ്മേളനത്തിൽ താത്കാലിക അധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റംഗം പുത്തൻകട വിജയൻ സ്വാഗതം പറഞ്ഞു.

സി.ജയൻബാബു രക്തസാക്ഷി പ്രമേയവും സി.അജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സമ്മേളന നഗരിക്ക്‌ പേരിട്ട അന്തരിച്ച ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന കാട്ടാക്കട ശശി, ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്ന ആറ്റിപ്ര സദാനന്ദൻ, ബി.എസ്.രാജീവ്, പി.ബിജു എന്നിവരെ സമ്മേളനത്തിൽ അനുശോചന പ്രമേയത്തിലൂടെ അനുസ്മരിച്ചു.

സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജൻ, എ.കെ.ബാലൻ, എം.വി.ഗോവിന്ദൻ, ആനത്തലവട്ടം ആനന്ദൻ, കെ.എൻ.ബാലഗോപാൽ, എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, കോലിയക്കോട് കൃഷ്ണൻനായർ, ടി.എൻ.സീമ, ആനാവൂർ നാഗപ്പൻ തുടങ്ങിയവർ സംസാരിച്ചു.