വർക്കല : വർക്കല-കല്ലമ്പലം റോഡിലെ മരക്കട ജങ്ഷൻ വർഷങ്ങളായി അപകടമേഖലയാണ്. നാല് റോഡുകളുടെ സംഗമസ്ഥാനവും കൊടുംവളവുമാണ് ജങ്ഷനിൽ അപകടങ്ങൾക്ക് കാരണമാകുന്നത്. ഒട്ടേറെ അപകടങ്ങളും അപകടമരണങ്ങളും സംഭവിച്ച ജങ്ഷനിൽ ഗതാഗതനിയന്ത്രണത്തിന് റോഡിന്റെ മധ്യത്ത് ഒരു വീപ്പമാത്രമാണുള്ളത്.

അപകടങ്ങൾ പതിവായിട്ടും 15 വർഷത്തോളമായി റോഡുമധ്യത്തെ വീപ്പ മാത്രമാണ് ഗതാഗതനിയന്ത്രണത്തിനുള്ളത്. പലപ്പോഴും വാഹനങ്ങൾ വീപ്പ ഇടിച്ചുതെറിപ്പിക്കാറുണ്ട്. ഇരുചക്രവാഹന യാത്രക്കാർ വീപ്പയിൽ തട്ടിവീണ സംഭവങ്ങളുമുണ്ട്.

പുത്തൻചന്തയ്ക്കും പാലച്ചിറയ്ക്കും മധ്യേയാണ് തിരക്കേറിയ മരക്കട ജങ്ഷൻ. അനുദിനം വികസിക്കുന്ന ജങ്ഷനിൽ വ്യാപാരസ്ഥാപനങ്ങളും വാഹനത്തിരക്കും ദിനംപ്രതി വർധിക്കുകയാണ്. വർക്കലയിൽനിന്നു കല്ലമ്പലം, ചെറുന്നിയൂർ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ തിരിയുന്നത് ഇവിടെനിന്നാണ്. വെട്ടൂർ ഭാഗത്തേക്കുള്ള ഇടറോഡും ജങ്ഷനിലാണ് സന്ധിക്കുന്നത്. നാല് റോഡുകളിൽനിന്നു ഒരേസമയം വാഹനങ്ങൾ ജങ്ഷനിലെത്തും. വർക്കലയിൽനിന്നു ചെറുന്നിയൂരിലേക്കും വെട്ടൂരിലേക്കുമുള്ള വാഹനങ്ങൾ കൊടുംവളവിൽ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടങ്ങൾ സംഭവിക്കുന്നത്.

കല്ലമ്പലം ഭാഗത്തുനിന്നു ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വളവിൽ അമിതവേഗത്തിലാണ് തിരിയുന്നത്. വളവായതിനാൽ ചെറുന്നിയൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമാണ് ശ്രദ്ധയിൽപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ മാത്രം രണ്ട് വാഹനാപകടങ്ങളാണുണ്ടായത്. കാറും ബൈക്കും കൂട്ടിയിടിച്ചും കാറിന് പിന്നിൽ സ്‌കൂട്ടറിടിച്ചുമാണ് അപകടങ്ങളുണ്ടായത്.

ഇതുപോലെ ചെറുതും വലുതുമായ അപകടങ്ങൾ മിക്ക ദിവസങ്ങളിലുമുണ്ടാകുന്നു. കെട്ടിടനിർമാണ സാധനങ്ങൾ വിൽക്കുന്ന കടകളുടെ കേന്ദ്രം കൂടിയാണിവിടം. പെട്രോൾ പമ്പും ഓട്ടോ, പിക്ക് അപ്പ് സ്റ്റാന്റുകളും ജങ്ഷനിലുണ്ട്. അടുത്തിടെയായി ദളവാപുരം, പാലച്ചിറ റോഡുകളിൽ തിരക്കേറിയ സമയത്ത് മത്സ്യവിൽപ്പനയും തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം വാഹനത്തിരക്കും അപകടങ്ങളും വർധിപ്പിക്കുന്നു.

ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും.

അമിതവേഗത്തിൽ തിരിയുന്ന ബസുകളിൽനിന്നു യാത്രക്കാർ പുറത്തേക്ക് തെറിച്ചുവീണും അപകടങ്ങളുണ്ടായിട്ടുണ്ട്. ജങ്ഷനിൽ ലോറികളുൾപ്പെടെയുള്ള വാഹനങ്ങൾ അലക്ഷ്യമായി നിർത്തിയിടുന്നതും പതിവാണ്.

റോഡിന്റെ നടുക്ക് വീപ്പയുള്ളതിനാലാണ് കുറച്ചെങ്കിലും അപകടങ്ങൾ കുറയുന്നതെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു. അപകടങ്ങൾ പതിവായിട്ടും അതൊഴിവാക്കാനുള്ള നടപടികൾ അധികൃതർ ഇനിയും സ്വീകരിക്കാത്തതിൽ പ്രതിഷേധത്തിലാണ് ഇവർ.