പാലോട് : ആദിവാസി പെൺകുട്ടികളെ ലഹരി ഉപയോഗത്തിന് വിധേയമാക്കുന്ന ലഹരി സംഘത്തെ ചോദ്യംചെയ്ത ആദിവാസി വീട്ടമ്മയ്ക്ക് ക്രൂരമർദനം. പെരിങ്ങമ്മല മുത്തിപ്പാറ ആദിവാസി ഊരിലെ തടത്തരികത്ത് വീട്ടിൽ ശോഭന(39)യ്ക്കാണ് മർദനമേറ്റത്. ശോഭനയെ പാലോട് ഗവൺമെന്റ് ആശുപത്രിയിലും അവിടെ നിന്നും മെഡിക്കൽകോളേജ്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

വീട്ടിൽ ആരുമില്ലാത്ത സമയത്തിലാണ്‌ അതിക്രമിച്ചു കയറി ക്രൂരമായി മർദിച്ചത്. തലമുടിയിൽ ചുറ്റിപ്പിടിച്ച് ചുമരിൽ ഇടിക്കുകയും അടിവയറ്റിൽ മാരകമായി ചവിട്ടി വീഴ്ത്തുകയുമായിരുന്നുവെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നിലത്തു വീണപ്പോൾ ദേഹമാസകലം തല്ലിച്ചതച്ചു. നിലവിളി കേട്ട് ശോഭനയുടെ അമ്മ ഓടിയെത്തിയപ്പോൾ ശോഭനയെ ഉപേക്ഷിച്ച് പോവുകയായിരുന്നു. നാട്ടുകാർ കൂടിയതോടെ അക്രമി സ്ഥലംവിട്ടു.

മർദനത്തിൽ കീഴ്‌ചുണ്ടിനും താടിയെല്ലിനും പരിക്കുണ്ട്. ആദിവാസികൾ മാത്രം തിങ്ങിപ്പാർക്കുന്ന മുത്തിപ്പാറ കോളനിയിൽ ആര്യനാട് സ്വദേശിയായ ഒരു യുവാവിന്റെ നേതൃത്വത്തിൽ ലഹരി മരുന്ന് വില്പനയും പുരുഷന്മാർ ഇല്ലാത്ത വീടുകളിലെ സ്ത്രീകളെയും പെൺകുട്ടികളെയും പീഡിപ്പിക്കാൻ ശ്രമിക്കുന്നതും പതിവാണെന്ന് മാസങ്ങളായി പരാതി നിലനിൽക്കുന്നുണ്ട്.

കൂട്ടാളികളുമായി ചേർന്ന് പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാണെന്നും ഐ.ടി.ഡി.പി ജീവനക്കാർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇവിടെ പ്ലസ് ടു വിദ്യാർഥികളായ രണ്ടു പെൺകുട്ടികളാണ് ഏതാനും ആഴ്ചകളുടെ വ്യത്യാസത്തിൽ ആത്മഹത്യ ചെയ്തത്. രണ്ടു കേസിലും ലഹരി സംഘത്തിൽ കണ്ണികളായ യുവാക്കൾ അറസ്റ്റിലായിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിവിധ ആദിവാസി സംഘടനകളും രംഗത്ത് വന്നിട്ടുണ്ട്.