വിതുര : പ്രകൃതിസൗന്ദര്യവും ഗോത്ര ആചാര അനുഷ്ഠാനങ്ങളും ഒരുമിച്ചു ചേരുന്ന നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പൊന്മുടി സീതാതീർഥത്തിലെ മകരപ്പൊങ്കാല ശനിയാഴ്ച 10.30-ന് നടക്കും. വനവാസക്കാലത്ത് ശ്രീരാമനും സീതയും ഇവിടെയെത്തി സ്നാനം നടത്തിയതായാണ് വിശ്വാസം.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നും തമിഴ്നാട്ടിൽ നിന്നും പൊങ്കാലയിടാൻ ഭക്തർ ഇവിടെയെത്താറുണ്ട്. ആദിവാസികളുടെ പാരമ്പര്യ പൂജകളാണ് സീതാതീർഥത്തിന്റെ സവിശേഷത. നാനാജാതി മതങ്ങളുടെയും സംഗമസ്ഥാനമെന്ന ഖ്യാതിയും ഈ ദേവസ്ഥാനത്തിനുണ്ട്. ജനുവരി 14, 15 തീയതികളിലാണ് ഇത്തവണത്തെ ഉത്സവം.

15-ന് രാവിലെ 7.30-ന് ശിവലിംഗ പൂജ, 8.15-ന് ശാസ്താപൂജ, 9-ന് ചെണ്ടമേളം, 10-ന് അപ്പർ സാനിട്ടോറിയത്തിൽനിന്ന് ആരംഭിക്കുന്ന താലപ്പൊലി, 10.30 ന് പൊങ്കാല, 11.30-ന് പടുക്കനിവേദ്യം, 12.30-ന് പൊങ്കാല നിവേദ്യം. മുഖ്യ പൂജാരി രാമൻ കാണി മുഖ്യകാർമികത്വം വഹിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഉത്സവം. പൊങ്കാലയ്ക്ക് എത്തുന്നവർ പേരുകളും വാഹന നമ്പരുകളും മുൻകൂറായി രജിസ്റ്റർ ചെയ്യണം. വനം വകുപ്പിന്റെയും ട്രസ്റ്റിന്റെയും നിയന്ത്രണത്തിലായിരിക്കും പ്രവേശനം. തീർഥാടകരുടെ സൗകര്യം കണക്കിലെടുത്ത് വിതുര ഡിപ്പോയിൽ നിന്ന് രാവിലെ 7.10, 8.30, 9.30, 11, 12 എന്നീ സമയങ്ങളിൽ ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് ട്രസ്റ്റ് രക്ഷാധികാരി മോഹനൻ ത്രിവേണി, പ്രസിഡൻറ് കെ.വിജയൻ കാണി എന്നിവർ പറഞ്ഞു. രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പരുകൾ: 9447656403, 8943489597.