തിരുവനന്തപുരം : പട്ടയം ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയ വിതരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പട്ടയം ഒരു കുടുംബത്തിന്റെ സ്വപ്നമാണ്. ചെറിയ കാലയളവിൽ ഇത്രയേറെ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. അർഹരായവർക്ക് എത്രയും വേഗം പട്ടയം നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം താലൂക്ക് പരിധിയിലുള്ള 35 പേർക്കാണ് പട്ടയം നൽകിയത്. വി.കെ.പ്രശാന്ത് എം.എൽ.എ. അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർ എസ്.ജാനകി അമ്മാൾ, സബ് കളക്ടർ എം.എസ്.മാധവിക്കുട്ടി, അസിസ്റ്റന്റ് കളക്ടർ ശ്വേത നാഗർകോട്ടി, തഹസിൽദാർ എസ്.ഷാജി എന്നിവർ പങ്കെടുത്തു.