: 32 വർഷത്തെ കാത്തിരിപ്പിന് അവസാനമായി, തിരുവനന്തപുരം താലൂക്കിലെ ബീമാപള്ളി ആസാദ് നഗറിൽ താമസക്കാരായ ഹസൻ കണ്ണ്-നബീസ ദമ്പതിമാർക്ക് സ്വന്തം പേരിൽ ഭൂമി ലഭിച്ചു. മന്ത്രി ആന്റണി രാജുവിൽനിന്ന് സ്വന്തം പേരിലുള്ള ഭൂമിയുടെ പട്ടയം വാങ്ങിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് ഇവർ പറഞ്ഞു. രണ്ട്‌ സെന്റ് ഭൂമിയിൽ തകരഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് ഹസൻകണ്ണും ഭാര്യയും ഉൾപ്പെടെ 14 പേർ അടങ്ങുന്ന കുടുംബം കഴിയുന്നത്. അടച്ചുറപ്പുള്ള വീടിനായി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. പട്ടയമില്ലെന്ന കാരണത്താൽ ആനുകൂല്യങ്ങൾപോലും ഇവർക്ക് ലഭിച്ചിരുന്നില്ല.