തിരുവനന്തപുരം : കോർപ്പറേഷൻ പരിധിയിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന്‌ മൂന്ന് സ്ഥാപനങ്ങൾക്ക് കരാർ നൽകാൻ കൗൺസിൽ യോഗം തീരുമാനിച്ചു. നാഗർകോവിലിലെ സരോജിനി പൊന്നയ്യ ഫൗണ്ടേഷൻ, കോഴിക്കോടുള്ള എം.ആർ.എം. ഇക്കോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയ്ക്കും ചില്ലുമാലിന്യങ്ങൾ നീക്കം ചെയ്യാൻ ജെ.ആർ.എ. ട്രേഡ്‌ഴ്‌സിനുമാണ് കരാർ നൽകാൻ തീരുമാനിച്ചത്.

ഇതിൽ ബാഗുകൾ, ചെരിപ്പുകൾ, മൾട്ടി ലെയർ കവറുകൾ, തുണികൾ, റോഡുകളിൽനിന്നുള്ള മാലിന്യം എന്നിവ നീക്കം ചെയ്യാൻ കോർപ്പറേഷൻ കമ്പനികൾക്ക് പണം നൽകണം. ചില്ലുകൾ, കട്ടിയുള്ള പ്ലാസ്റ്റിക്, റബ്ബർ, പ്ലാസ്റ്റിക് ബോട്ടിലുകൾ, ചിരട്ട, വിറക്, പേപ്പർ, പാൽകവറുകൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയ്ക്ക് കോർപ്പറേഷന്‌ കമ്പനികൾ പണം നൽകും. ഇതിനുള്ള നിരക്കും കൗൺസിൽ അംഗീകരിച്ചു.

കിലോ കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഒരു കമ്പനിക്ക് അമ്പത്‌ വാർഡുകൾ വീതമാണ് നൽകിയിട്ടുള്ളത്. ചില്ലുമാലിന്യങ്ങൾ കിലോയ്‌ക്ക് 3.25 രൂപ നിരക്കിലാണ് ഒരു കമ്പനിക്കു നൽകുന്നത്. വിവിധ ക്ഷേമ പെൻഷനുകൾ ലഭിച്ചവരുടെ പട്ടികയ്ക്കും കൗൺസിൽ അംഗീകാരം നൽകി. ഉള്ളൂർ സോണൽ ഓഫീസിൽ ക്ഷേമപെൻഷൻ അടക്കമുള്ള അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്ന് ജോൺസൺ ജോസഫ് ആരോപിച്ചു. അർഹതപ്പെട്ടവർക്ക് പെൻഷൻ കിട്ടുന്നില്ലെന്ന് മേരി പുഷ്പവും ആരോപിച്ചു. ഇവ പരിശോധിക്കുമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ എസ്.സലിം പറഞ്ഞു.

മാലിന്യസംസ്‌കരണത്തക്കുറിച്ച് പാളയം രാജൻ, തിരുമല അനിൽ, പി.പദ്മകുമാർ, മധുസൂദനൻ നായർ, പി.രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. ജൈവമാലിന്യ സംസ്‌കരണത്തിന് ആവശ്യമായ ഇനോക്കുലം ലഭിക്കുന്നില്ലെങ്കിൽ ആരോഗ്യ സ്ഥിരംസമിതിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് അധ്യക്ഷ ജമീല ശ്രീധരനും മേയർ ആര്യ രാജേന്ദ്രനും പറഞ്ഞു.

കോർപ്പറേഷനിൽ ഇലക്ട്രിക്, മെക്കാനിക്കൽ വിഭാഗങ്ങൾ ആരംഭിക്കാൻ പുതിയ തസ്തികകൾ സൃഷ്ടിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. അസിസ്റ്റന്റ്‌ എക്‌സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവയടക്കം അഞ്ച് തസ്തികകളാണ് പുതുതായി സൃഷ്ടിക്കുന്നത്.

സർക്കാരിന്റെ വാതിൽപ്പടി സേവന പദ്ധതി നടപ്പാക്കുന്നതിന് കോർപ്പറേഷൻതല ഉപദേശക സമിതി, കമ്മറ്റി, വാർഡുതല കമ്മിറ്റി, വാർഡുകളിൽനിന്ന്‌ അഞ്ച് സന്നദ്ധസേവകർ എന്നിങ്ങനെയുള്ള സംവിധാനമൊരുക്കാനും തീരുമാനിച്ചു.