ജില്ലാതല പട്ടയ വിതരണ

നെടുമങ്ങാട് : കൈയേറ്റക്കാരോടൊപ്പമല്ല കുടിയേറ്റക്കാരോടൊപ്പമാണ് സംസ്ഥാന സർക്കാർ എന്നും നിൽക്കുകയെന്നും അവരുടെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ നയമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.

ജില്ലാതല പട്ടയ വിതരണ പരിപാടി നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകൾ ജില്ലയിലെ താലൂക്ക് ഓഫീസുകളിൽ ലഭിച്ചിട്ടുണ്ട്. അർഹതപ്പെട്ടവർക്ക് നൽകുന്നതിന് നടപടിക്രമങ്ങൾ നിയമാനുസൃതമായി ലഘൂകരിക്കും. സംസ്ഥാനത്ത് 17,000- പേർക്കാണ് പട്ടയം ലഭിച്ചത്. തല ചായ്ക്കാൻ സ്വന്തമായി ഒരു തുണ്ട് ഭൂമിയുടെ ഉടമയാകുന്നതോടെ സ്വന്തം വ്യക്തിത്വം കൂടിയാണ് ഉയരുന്നതെന്നും മന്ത്രി പറഞ്ഞു.

പട്ടയ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നിർവഹിച്ചതിനു ശേഷമാണ് ജില്ലാതല ഉദ്ഘാടന പരിപാടി തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയോടനുബന്ധിച്ചാണ് പട്ടയവിതരണം നടന്നത്. നെടുമങ്ങാട് താലൂക്കിലെ 20 പേർക്ക് മന്ത്രി പട്ടയം നൽകി. ഡി.കെ.മുരളി എം.എൽ.എ. അധ്യക്ഷനായി. വിവിധ ജനപ്രതിനിധികളും പങ്കെടുത്തു. ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ സ്വാഗതം പറഞ്ഞു. എ.ഡി.എം. മുഹമ്മദ്‌സഫീർ, നെടുമങ്ങാട് ആർ.ഡി.ഒ. അഹമ്മദ്കബീർ തുടങ്ങിയവർ സംബന്ധിച്ചു.