തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അടച്ചിട്ടിരുന്ന മ്യൂസിയം അഞ്ചുമാസത്തിനു ശേഷം സന്ദർശകർക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിരവധിപ്പേർ എത്തി. കുടുംബമായി എത്തിയവരായിരുന്നു അധികവും.

സാമൂഹികാകലം പാലിക്കാനായി സ്ഥലത്തിന്റെ ശേഷിക്കനുസരിച്ചാണ് ആളുകളെ അനുവദിച്ചത്. നേപ്പിയർ മ്യൂസിയത്തിലും നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലും ഒരേസമയം 25 പേരെയും ആർട്ട് ഗാലറിയിൽ 20 ആളുകളെയുമാണ് ഒരേസമയം പ്രവേശിപ്പിച്ചത്. ഇതനുസരിച്ചാണ് ടിക്കറ്റുകൾ വിതരണം ചെയ്തത്. നേപ്പിയർ മ്യൂസിയത്തിൽ 235, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ 190 സന്ദർശകരുമാണ് ചൊവ്വാഴ്ച എത്തിയത്. മൃഗശാല അധികം വൈകാതെ തുറക്കുന്നതു പരിഗണനയിലാണ്.