പാറശ്ശാല : കടലാക്രമണത്തിൽ വീടുകൾ തകർന്ന് ആറുമാസമായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന പതിനാറു കുടുംബങ്ങളിൽ 14 പേർക്ക് ഫ്ളാറ്റ് അനുവദിച്ചു. ഇവർ ദുരിതാശ്വാസ ക്യാമ്പിൽനിന്ന് ഫ്ളാറ്റിലേക്ക് മടങ്ങുമ്പോൾ രണ്ട് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് മാത്രം കയറിക്കിടക്കാനിടമില്ല.

നിസാര കാരണങ്ങൾ പറഞ്ഞാണ് ഫ്ളാറ്റ് നിഷേധിച്ചതെന്ന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പറയുന്നു. പൊഴിയൂർ തെക്കേ കൊല്ലങ്കോട് സ്വദേശികളായ വിജയന്റെയും വ്യാകുൽ അടിമയുടെയും കുടുംബങ്ങൾക്കാണ് ഫ്ളാറ്റ് കിട്ടാത്തത്.

തെക്കേ കൊല്ലങ്കോട് സ്വദേശികളായ വിജയനും ഭാര്യ വിനോദിനിയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്ന തീരത്തോടുചേർന്ന വീട് സുനാമിയിലാണ് ആദ്യമായി തകരുന്നത്. തുടർന്ന് ഇവർ പണം പലിശയ്ക്കെടുത്ത് അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും താമസമാക്കി. എന്നാൽ, പിന്നീടുണ്ടായ കടലേറ്റങ്ങളിൽ മൂന്നുതവണയാണ് വീട് കടലെടുത്തത്.

ഒടുവിൽ ഇവർ വാടക വീട്ടിലേക്കു മാറിയെങ്കിലും ക്യാമ്പിലേക്കു മാറേണ്ടിവന്നു. എന്നാൽ, ഫ്ളാറ്റ് അനുവദിച്ചവരുടെ പട്ടികയിൽ ഈ കുടുംബം ഉൾപ്പെട്ടിട്ടില്ല. വാടകവീട്ടിലാണ് കഴിഞ്ഞിരുന്നതെന്നതിനാലാണ് ഇവരെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക ഭാഷ്യം.

പൊഴിയൂർ തെക്കേ കൊല്ലങ്കോട് തീരത്തോടു ചേർന്ന് താമസിച്ചിരുന്ന വ്യാകുൽ അടിമയുടെ വീട് കഴിഞ്ഞ കടലേറ്റത്തിലാണ് പൂർണമായും തകർന്നത്. വീടിന്റെ പിൻഭാഗത്ത് കളിച്ചുകൊണ്ടിരുന്ന മകൻ കടലേറ്റത്തെത്തുടർന്ന് തിരയിൽപ്പെടുകയും കല്ലിൽ പിടിച്ചുകിടന്നതുമൂലം രക്ഷപ്പെടുകയുമായിരുന്നു. തുടർന്നാണ് കുടുംബം ദുരിതാശ്വാസ ക്യാമ്പിലായത്.

വീട് പൂർണമായും നഷ്ടപ്പെട്ട ഇവരും ഇപ്പോൾ ഫ്ളാറ്റ് അനുവദിച്ചുനൽകുന്ന 128 പേരുടെ പട്ടികയിൽനിന്ന് പുറത്താണ്. ഇവർക്ക് സ്വന്തമായി ഭൂമി ഉള്ളതിനാലാണ് പട്ടികയിൽനിന്ന് പുറത്തായതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. തീരത്തോടുചേർന്ന് താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയിലാണ് പൊഴിയൂരിൽ 128 ഫ്ളാറ്റുകൾ നിർമിച്ച് മത്സ്യത്തൊഴിലാളികൾക്ക് കൈമാറുന്നത്. ഗുണഭോക്താക്കളെ നിശ്ചയിച്ചതിൽ അപാകതയുള്ളതായി പരാതികൾ ഉയർന്നിരുന്നു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മറ്റ് കുടുംബങ്ങൾ ബുധനാഴ്ച സ്വന്തം ഫ്ളാറ്റിലേക്കു പോകുമ്പോൾ കണ്ണീരോടെയാണ് ഇവർ ദൈന്യാവസ്ഥ വിവരിക്കുന്നത്.

  ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വിജയന്റെയും വ്യാകുൽ അടിമയുടെയും കുടുംബങ്ങൾ