തിരുവനന്തപുരം : കരാറുകാരനിൽനിന്നു കൈക്കൂലി വാങ്ങുന്നതിനിെട ജല അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. തിരുവനന്തപുരം പബ്ളിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ ജോൺ കോശിയെയാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

അമൃത് പദ്ധതി 2017-2018 ലെ കരാർ പ്രകാരം ശ്രീകാര്യത്തിനടുത്തുള്ള ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റിയ ജോലിയുടെ ബില്ലുകൾ മാറിനൽകാനാണ് കൈക്കൂലിയാവശ്യപ്പെട്ടത്. 90 ലക്ഷത്തോളം രൂപയുടെ ബില്ലാണ് മാറി നൽകേണ്ടിയിരുന്നത്. ജോലികൾ പൂർത്തീകരിച്ച ശേഷം കൊടുത്ത ബിൽ മൂന്നു മാസമായിട്ടും പാസാകാത്തതുകൊണ്ട് കരാറുകാരനായ മനോഹരൻ എക്സിക്യുട്ടീവ് എൻജിനീയർ ജോൺ കോശിയെ നേരിട്ടു കണ്ട് ബിൽ പാസാക്കണമെന്ന് അപേക്ഷിച്ചു.

ബിൽ പാസാക്കുന്നതിന് ജോൺ കോശി കൈക്കൂലിയാവശ്യപ്പെട്ടെന്നാണ് മനോഹരന്റെ പരാതി. അതു കൊടുക്കാൻ തയ്യാറാകാതെവന്നപ്പോൾ ബിൽ പതിനാറ് മാസത്തോളം എക്സിക്യുട്ടീവ് എൻജിനീയറുടെ ഓഫീസിൽ പിടിച്ചുവച്ചു. കരാറുകാരൻ കേസ് കൊടുത്തതിനെ തുടർന്ന് പതിനഞ്ച് ദിവസത്തിനകം ബിൽ തുക മാറിക്കൊടുക്കാൻ ഹൈക്കോടതി ഉത്തരവായി. എന്നിട്ടും ബിൽ മാറി പണം നൽകിയില്ല. പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ച ശേഷമാണ് ബിൽ മാറിക്കൊടുക്കുന്നതിനുള്ള നടപടി എക്സിക്യുട്ടീവ് എൻജിനീയർ ജോൺ കോശി സ്വീകരിച്ചത്. ആദ്യം 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു. എന്നാൽ, മുഴുവൻ തുകയും മാറിക്കിട്ടാത്തതിനാൽ കരാറുകാരനായ മനോഹരൻ എക്സിക്യുട്ടീവ് എൻജിനീയറെ സമീപിച്ചപ്പോൾ 45,000 രൂപ ജോൺ കോശി കൈക്കൂലിയാവശ്യപ്പെട്ടുവെന്നാണ് ആരോപണം. മുഴുവൻ തുകയും മാറിയ ശേഷം പണം നൽകാമെന്ന് മനോഹരൻ ഉറപ്പുനൽകിയതിനെ തുടർന്ന് മുഴുവൻ തുകയും കരാറുകാരനു മാറിക്കൊടുക്കുകയും ചെയ്തു.

മറ്റൊരാവശ്യത്തിനായി എൻജിനീയറുടെ കാര്യാലയത്തിലെത്തിയപ്പോൾ എക്സിക്യുട്ടീവ് എൻജിനീയർ കാണുകയും ഉറപ്പുനൽകിയ തുക ഇതുവരെ കിട്ടിയില്ലെന്നും എത്രയും വേഗം തരണമെന്നാവശ്യപ്പെടുകയും ചെയ്തുവെന്നാണ് മനോഹരൻ വിജിലൻസിനോടു പറഞ്ഞത്. കോടതിയിൽ 20,000 രൂപയോളം ചെലവായെന്നും ആയതിനാൽ തുക കുറയ്ക്കുവാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കോടതിച്ചെലവ് ഒഴിച്ചുള്ള 25,000 രൂപയെങ്കിലും നിർബന്ധമായും വേണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ കരാറുകാരനോട് ആവശ്യപ്പെട്ടതായാണ് വിജിലൻസ് സംഘം പറയുന്നത്. ഇക്കാര്യം കരാറുകാരനായ മനോഹരൻ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ.ഇ.ബൈജുവിനെ അറിയിക്കുകയും ചെയ്തു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം കരാറുകാരൻ പണം കൈമാറുമ്പോഴാണ് വിജിലൻസ് യൂണിറ്റിലെ അശോക കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളയമ്പലത്തുള്ള പി.എച്ച്. ഡിവിഷൻ ഓഫീസിൽവച്ച് ചൊവ്വാഴ്ച രാവിലെ 12.30-ഓടെ ജോൺ കോശിയെ അറസ്റ്റുചെയ്തത്.