വിഴിഞ്ഞം :സുരക്ഷാസൗകര്യങ്ങളുടെ കുറവിൽ ആഴിമല-അടിമലത്തുറ കടലിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു. ആഴിമല ക്ഷേത്രത്തിലെത്തുന്നവരും അടിമലത്തുറ കടൽത്തീരത്തുമെത്തുന്നവർ പാറക്കെട്ടുകളിൽ കയറുന്നതും കടലിൽ ഇറങ്ങാൻ ശ്രമിക്കുന്നതുമാണ് അപകടത്തിനിടയാക്കുന്നത്. കടൽത്തീരത്ത് അപായ സൂചനകളോ, സുരക്ഷാ ഉദ്യോഗസ്ഥരോ, സ്ഥിരം ലൈഫ് ഗാർഡുകളോ ഇല്ല.

സന്ദർശകരെ നിരീക്ഷിക്കുന്നതിനും സുരക്ഷാ നിരീക്ഷണത്തിനുമായി കോവളം-പൂവാർ ടൂറിസം കോറിഡോർ പദ്ധതിയിലുൾപ്പെടുത്തി അടിമലത്തുറ തീരത്ത് വാച്ച് ടവർ സ്ഥാപിക്കാനുള്ള പദ്ധതിയും നടന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് കൂട്ടുകാർക്കൊപ്പമെത്തിയ തിരുവല്ലം സ്വദേശി ആഴിമലയിലെ പാറക്കെട്ടിൽനിന്ന് സെൽഫിയെടുക്കുമ്പോൾ തിരയടിച്ച് മറിഞ്ഞുവീണ് കടലിൽ മുങ്ങിമരിച്ചിരുന്നു. തിരുവല്ലം വലിയകുന്നും പറമ്പിൽ വീട്ടിൽ മണിയന്റെയും തങ്കമണിയുടെയും മകനായ ജയൻ(35) ആണ് മരിച്ചത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ആഴിമലയിലെയും അടിമലത്തുറയിലെയും കടലിൽ വീണ് മരിച്ചത് 15 പേരാണ്. 18-നും 50-നുമിടയിലുള്ള സ്ത്രീകളും യുവാക്കളുമാണ് ഇവിടെ മുങ്ങിമരിച്ചത്. ആഴിമല ക്ഷേത്രത്തിന്റെ പുറകിൽ കടലിനോടു ചേർന്നുള്ള പാറക്കെട്ടുകളാണ് അപകടത്തിനിടയാക്കുന്നത്.

തിങ്കളാഴ്ച അപകടമുണ്ടായ പുളിങ്കുടികുളിക്കടവെന്ന പാറക്കെട്ട്, കിണ്ണിക്കുഴി, ചാരുപാറ, ഉടയോൻ വാഴി അടക്കമുള്ള പാറക്കെട്ടുകളാണ് അപകടമേഖലകൾ. ഇവിടങ്ങളിൽനിന്ന് കടൽസൗന്ദര്യം കാണുന്നതിനിടയിൽ അപ്രതീക്ഷിതമായി എത്തുന്ന തിരമാലകൾ പാറകളിലേക്ക് അടിച്ചുകയറുന്നതിനിടയിലാണ് പലരും വഴുതി കടലിൽ വീഴുന്നത്. വഴുവഴുപ്പുള്ള പാറകളിൽ പിടിച്ചുകയറാനാവാതെ പലരും മുങ്ങിമരിക്കും. തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ അപകടവും ഇത്തരത്തിൽ സംഭവിച്ചതാണ്.

ഒരു വർഷം മുമ്പ് ആഴിമല-അടിമലത്തുറ പാറക്കെട്ടിലെത്തിയ പുല്ലുവിള സ്വദേശികളായ യുവാക്കൾ കുളിക്കുന്നതിനിടയിൽ മുങ്ങിമരിച്ച സംഭവത്തെ തുടർന്ന് ജനപ്രതിനിധികളും കോട്ടുകാൽ പഞ്ചായത്തും ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ചേർന്ന് ആഴിമല-അടിമലത്തുറ കടൽത്തീരങ്ങളിൽ സുരക്ഷാസന്നാഹങ്ങൾ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ വാർഡൻമാരും സ്വകാര്യ റിസോർട്ടിലെ ലൈഫ് ഗാർഡുകളുമാണ് ഇവിടെയുള്ള രക്ഷാപ്രവർത്തകർ.