പൂജപ്പുര : മകൾക്കു ദുരിതംമാത്രം നൽകിയ വിവാഹബന്ധം വേണ്ടെന്നുള്ള ഉറച്ച തീരുമാനം എടുത്തപ്പോൾ ഒരു കുടുംബത്തിന്റെ അത്താണികളാണ് നഷ്ടമായത്. മുടവൻമുകളിൽ ചൊവ്വാഴ്ച രാത്രി മദ്യലഹരിയിൽ യുവാവ്, ഭാര്യയുടെ അച്ഛനെയും സഹോദരനെയും കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിൽനിന്നു ബന്ധുക്കളും നാട്ടുകാരും മുക്തരായിട്ടില്ല.

കൈതമുക്കിലെ സി.ഐ.ടി.യു. തൊഴിലാളിയായിരുന്ന സുനിലിന്റെ തണലിലാണ് ഭാര്യ ഷീനയും മകൻ അഖിലും മകൾ അപർണയും അപർണയുടെ ഒരുവയസ്സുള്ള കുഞ്ഞും കഴിഞ്ഞിരുന്നത്.

അഖിലിനു കുറച്ചുകാലം മുമ്പാണ് വിദേശത്ത് ജോലി കിട്ടിയത്. അടുത്തിടെ നാട്ടിലെത്തിയ അഖിൽ മുടവൻമുകളിൽ ഒറ്റിക്ക് താമസിക്കുന്ന വീടിനു സമീപത്തായി വീടുവാങ്ങാൻ അഡ്വാൻസ് കൊടുത്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അടുത്തമാസം ജോലിസ്ഥലത്തേക്ക് മടങ്ങിപ്പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അഖിൽ.

ഭർത്താവ് അരുണിന്റെ ഉപദ്രവം സഹിക്കാൻ കഴിയാതെയാണ് അപർണ മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചുവന്നത്. അരുൺ പതിവായി അപർണയെ മർദിക്കാറുണ്ടായിരുന്നതായി പറയുന്നു. അപർണയെ കൂടെക്കൊണ്ടുപോകണമെന്ന ആവശ്യവുമായാണ് ചൊവ്വാഴ്ച ഇയാൾ എത്തിയത്. സുനിലും അഖിലും ഇത് എതിർത്തപ്പോഴുണ്ടായ തർക്കത്തിനിടെയാണ് അരുൺ ഇരുവരെയും കുത്തിക്കൊലപ്പെടുത്തിയത്.

സംഭവം നടന്ന് അൽപസമയത്തിനകംതന്നെ പോലീസ് അരുണിനെ പിടികൂടി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൈതമുക്കിലെ സി.ഐ.ടി.യു. ഓഫീസിൽ ഇരുവരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനു വെച്ചു.