തെരുവുനായ ശല്യവും

ബാലരാമപുരം : പാതയോരത്ത് മാലിന്യനിക്ഷേപത്തെ തുടർന്ന് ബാലരാമപുരത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ദേശീയപാതയിൽ കല്ലമ്പലത്തിനു സമീപമാണ് റോഡിന് വശത്ത് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. കൂടുതലും പ്ലാസ്റ്റിക് മാലിന്യങ്ങളും അഴുകിയ പഴവർഗങ്ങളുമാണ്.

പാതയോരത്ത് കാടുപിടിച്ചയിടങ്ങളിലാണ് കൂടുതലായി മാലിന്യമിടുന്നത്. പ്രദേശത്തെ കാടുവെട്ടിത്തെളിക്കണമെന്ന് പഞ്ചായത്ത് അധികൃതരോട് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടെങ്കിലും കാര്യമായൊന്നും നടന്നില്ല. മാലിന്യനിക്ഷേപം നടക്കുന്ന സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യവും വർധിക്കുന്നത്. അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങളും ചാക്കുകളിൽ കെട്ടി പലയിടത്തായിടുന്നുണ്ട്.

ദേശീയപാത വികസനത്തിന്റെ പേരുപറഞ്ഞാണ് അധികൃതർ കാടുവെട്ടിത്തെളിക്കാതിരിക്കുന്നതെന്ന് ആരോപണമുണ്ട്. പഞ്ചായത്തിൽ മാലിന്യസംസ്കരണത്തിന് സംവിധാനങ്ങൾ ഒരുക്കുമെന്ന് മാറിവരുന്ന ഭരണസമിതികൾ ആവർത്തിക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലം കാണാനായിട്ടില്ല.

ബാലരാമപുരം പഞ്ചായത്തിൽ മാലിന്യസംസ്കരണ പ്ലാന്റ് എത്രയുംവേഗം നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ പറഞ്ഞു.