ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് നൂറിലേറെ കുരുന്നുകൾ

നെയ്യാറ്റിൻകര : നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിദ്യാരംഭത്തിനൊരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിദ്യാരംഭം. നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നൂറിലേറെ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. സംഘടനകളുടെ നേതൃത്വത്തിലും വിവിധ കേന്ദ്രങ്ങളിൽ വിദ്യാരംഭം നടക്കും.

നവരാത്രി വിഗ്രഹങ്ങൾക്ക് ആചാരപരമായി വരവേല്പും ഇറക്കിപൂജയും നടത്തുന്ന നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വെള്ളിയാഴ്ച പൂജയെടുപ്പിനെ തുടർന്ന് വിദ്യാരംഭം നടക്കും. രാവിലെ ഏഴുമുതൽ വിദ്യാരംഭം നടക്കും. നാലമ്പലത്തിനകത്തെ മണ്ഡപത്തിൽവെച്ച് രക്ഷാകർത്താക്കൾ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. ക്ഷേത്ര മേൽശാന്തി ഈശ്വരൻനമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ഇക്കുറി നൂറിലേറെ കുരുന്നുകൾക്കാണ് ക്ഷേത്രത്തിൽവെച്ച് വിദ്യാരംഭം കുറിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ഉപദേശക സമിതി പ്രസിഡന്റ് പി.ആർ.രാധീഷ് അറിയിച്ചു.

തിരിച്ചെഴുന്നള്ളിക്കുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് 17-ന് ഉച്ചയ്ക്ക് ക്ഷേത്രത്തിൽ വരവേല്പ് ഒരുക്കും. തുടർന്ന് വിഗ്രഹങ്ങൾ ക്ഷേത്രത്തിൽ വിശ്രമിക്കും. 18-ന് രാവിലെ വിഗ്രഹങ്ങൾ പദ്മനാഭപുരത്തേക്ക് എഴുന്നള്ളിപ്പിക്കും.

പഴയ ഉച്ചക്കട താഴവിള ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ വിദ്യാരംഭം നടക്കും. പ്രൊഫ. എം.ചന്ദ്രബാബു കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും. വിദ്യാരംഭത്തിൽ പങ്കെടുക്കേണ്ടവരുടെ പേരുകൾ ക്ഷേത്രത്തിൽ രജിസ്റ്റർ ചെയ്യണം.

ബാലരാമപുരം മുടവൂർപ്പാറ പരുത്തിമഠം ചാമുണ്ഡേശ്വരി ദുർഗാ ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിദ്യാരംഭം നടക്കും. 14-ന് വൈകീട്ട് 6-ന് കുങ്കുമാഭിഷേകവും പൂജയും ഉണ്ടായിരിക്കും. 15-ന് രാവിലെ ഏഴ് മുതൽ വിദ്യാരംഭം നടക്കും. വിദ്യാരംഭദിനത്തിൽ സാരസ്വതാർച്ചനയും വിദ്യാസൂക്താർച്ചനയും നടക്കും.

മരുതത്തൂർ മഹാലക്ഷ്മി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ വിദ്യാരംഭം നടക്കും. കവി മുഖത്തല ശ്രീകുമാർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.

ആട്ടറമൂല നാഗർകാവിൽ ഭദ്രകാളി ദേവീക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ പൂജയെടുപ്പിനെ തുടർന്ന് വിദ്യാരംഭം നടക്കും. തുടർന്ന് ക്ഷേത്ര വേദപഠന സാംസ്കാരിക മന്ദിരത്തിൽവെച്ച് ഭാഗവത സത്സംഗ സദസ്സ് നടക്കും. ഡോ. അതിയന്നൂർ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. കെ.വിജയകുമാരൻനായർ പാരായണം നടത്തും.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശ്രീവിദ്യാധിരാജ വേദാന്ത പഠനകേന്ദ്രത്തിൽ പൂജവയ്പും വിദ്യാരംഭവും നടക്കും. 15-ന് രാവിലെ 9-ന് വിദ്യാരംഭം നടക്കും. ഡോ. എം.പി.ബാലകൃഷ്ണൻ എഴുത്തിനിരുത്തും.

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ചെങ്കൽ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തിൽ വെള്ളിയാഴ്ച രാവിലെ 6.30-ന് പൂജയെടുപ്പ്. തുടർന്ന് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദസരസ്വതിയുടെ കാർമികത്വത്തിൽ വിദ്യാരംഭം നടക്കും.

പൂവാർ : അരുമാനൂർ ശ്രീ നയിനാർ ദേവക്ഷേത്രത്തിലെ വിജയദശമി ചടങ്ങുകൾ 15-വരെ നടക്കും. ക്ഷേത്ര മേൽശാന്തി സേതു പോറ്റിയുടെ കാർമികത്വത്തിലാണ് സരസ്വതീപൂജയും വിദ്യാരംഭവും നടക്കുക. പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾ ക്ഷേത്രത്തിൽ പേര് രജിസ്റ്റർ ചെയ്യണം. 15-ന് രാവിലെ 7-ന് പൂജയെടുപ്പും 8.15-മുതൽ വിദ്യാരംഭവും നടക്കും. സമുദ്രഗിരി രഥയാത്ര സമാപിച്ചു

വെള്ളറട : കാളിമല തീർഥാടന കേന്ദ്രത്തിലെ ദുർഗാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം തുടങ്ങി. ഇതിന്റെ ഭാഗമായി കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച സമുദ്രഗിരി രഥയാത്ര ക്ഷേത്രത്തിൽ സമാപിച്ചു. രഥയാത്ര ചൊവ്വാഴ്ച രാവിലെ കന്യാകുമാരി ത്രിവേണി സംഗമത്തിൽ നിന്നാണ് തുടങ്ങിയത്. സമുദ്രജലവും വിവിധയിനം പൂജാദ്രവ്യങ്ങളും നിറച്ച കുംഭങ്ങളും വഹിച്ചുകൊണ്ടുള്ള രഥയാത്ര ആർ.എസ്.എസ്. കന്യാകുമാരി ജില്ലാ സംഘചാലക് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച രാത്രിയോടെ പത്തുകാണി മഹാദേവക്ഷേത്രത്തിലും പിന്നീട് കാൽനടയായി ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ കാളിമലയിൽ എത്തി. 14-ന് നവമി പൂജ. 15-ന് വിജയദശമി പൂജയും വിദ്യാരംഭവും നടക്കും.