വിതുര : മലയോര മേഖലയിലെ പ്രധാന പാതയായ ചുള്ളിമാനൂർ-വിതുര റോഡ് നവീകരണം വൈകുന്നു. വീതിയില്ലാത്തതും വളവുകൾ നിറഞ്ഞതുമായ റോഡ് അപകടഭീഷണിയാകുകയാണ്. കഴിഞ്ഞ നാലുവർഷത്തിനിടെ ഏഴുപേരാണ് റോഡപകടങ്ങളിൽ മരണമടഞ്ഞത്. പൊന്മുടി റോഡിൽ മന്നൂർക്കോണം മുതൽ വിതുര കലുങ്കു വരെയുള്ള ഭാഗത്തെ വളവുകളാണ് പ്രധാന അപകടക്കെണികൾ.

വീതിയില്ലാത്ത റോഡിനൊപ്പം ഗട്ടറുകളും റോഡിലേക്ക്‌ ചാഞ്ഞ മരങ്ങളുമെല്ലാം പ്രശ്നം രൂക്ഷമാക്കുന്നു. തൊളിക്കോട്, ഹൈസ്കൂൾജങ്ഷൻ, പുളിമൂട്, തോട്ടുമുക്ക്, ഇരപ്പിൽ, പേരയത്തുപാറ, ചേന്നൻപാറ തുടങ്ങിയ സ്ഥലങ്ങളിലായി ഇത്തരം നിരവധി വളവുകളുണ്ട്.

തൊളിക്കോട് ഹൈസ്കൂൾ ജങ്ഷനിലെ വലിയ വളവ് ഏറെ അപകടഭീഷണിയുയർത്തുന്നുണ്ട്. നെടുമങ്ങാട് ഭാഗത്തുനിന്നെത്തുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമെ കാണാൻ കഴിയൂ.

വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്താണ് പ്രശ്നം രൂക്ഷമാകുന്നത്. ചേന്നൻപാറ സ്വരാജ്കവാടത്തിനടുത്തായി ചാരുപാറ റോഡ് വന്നുചേരുന്ന ഭാഗത്തും അപകടസാധ്യതയുണ്ട്. ആനപ്പെട്ടിയിൽനിന്നുള്ള റോഡ് വന്നിറങ്ങുന്നിടത്തും വളവാണ്. കാലങ്കാവിൽനിന്ന് തുരുത്തി വഴിയുള്ള ബസ് റൂട്ട് വന്നുചേരുന്ന തൊളിക്കോട് ജങ്ഷനിലെ വലിയവളവിൽ നിയന്ത്രണസംവിധാനമോ മുന്നറിയിപ്പു ബോർഡുകളോ ഇല്ല.

റോഡിന്റെ വീതിക്കുറവ് പലയിടത്തും അപകടസാധ്യത കൂട്ടുന്നു. തോട്ടുമുക്ക് മുതൽ കലുങ്കുജങ്ഷൻ വരെയുള്ള ഭാഗത്താണ് ഈ പ്രശ്നം രൂക്ഷം. മഴവെള്ളമൊഴുകി റോഡിന്റെ ഇരുവശവും ഇടിഞ്ഞുതാണത് പ്രശ്നത്തിന്റെ രൂക്ഷത കൂട്ടുന്നു.

മന്നൂർക്കോണം മുതൽ തൊളിക്കോടു വരെയുള്ള റോഡിൽ പലയിടത്തും അപകടക്കുഴികളാണ്.

മഴക്കാലത്ത് ഈ കുഴികളിൽ വെള്ളം കെട്ടുന്നത് ഇരുചക്രവാഹനങ്ങൾക്കാണ് ഏറെ ഭീഷണി.

നടപടി വേണം; ഫ്രാറ്റ്

ചുള്ളിമാനൂർ വിതുര റോഡ് നവീകരിക്കും എന്ന വാഗ്ദാനത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ഫ്രാറ്റ് മേഖലാ കമ്മിറ്റി ആരോപിച്ചു. റോഡിലെ വെള്ളക്കെട്ടുമൂലം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. റോഡ് നവീകരിക്കുന്നതിന് എം.എൽ.എ.യുടെ അടിയന്തര ഇടപെടൽ വേണം.

ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഫ്രാറ്റ് മേഖലാ പ്രസിഡന്റ് ജി.ബാലചന്ദ്രൻ നായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, രഘു പൊൻപാറ, പി.ബാലകൃഷ്ണൻ നായർ, കല്ലാർ ശ്രീകണ്ഠൻ നായർ, ശാന്തികൃഷ്ണ അനിൽ, എം.ഷിഹാബുദ്ദീൻ എന്നിവർ പറഞ്ഞു.