വെള്ളറട : മലയോര ഹൈവേയുടെ പാറശ്ശാല മുതൽ കുടപ്പനമൂട് വരെയുള്ള ഒന്നാം റീച്ചിൽ ഓടനിർമാണത്തിൽ പനച്ചമൂട്ടിലും കുടപ്പനമൂടും അപാകമുണ്ടെന്ന് പരാതി. ഇതിൽ പ്രതിഷേധിച്ച് കുടപ്പനമൂട്ടിൽ നാട്ടുകാർ പണി തടഞ്ഞു. പനച്ചമൂട്ടിൽ മാസങ്ങൾക്കു മുമ്പാണ് ഓട നിർമാണം തുടങ്ങിയത്. പഞ്ചായത്തോഫീസിന്റെ കുറച്ചകലെ മുതൽ ഓടയുടെ നിർമാണത്തിൽ അപാകമുണ്ടെന്ന് നാട്ടുകാരും ഓട്ടോറിക്ഷത്തൊഴിലാളികളും ആരോപിക്കുന്നു.

വളവു വരുത്തിയാണ് ഓട നിർമിച്ചതെന്നാണ് പരാതി. കൂടാതെ പനച്ചമൂട് ചന്തയുടെ മുൻവശത്ത് ഇപ്പോൾ തുടർപണികൾ നിലച്ചനിലയിലാണ്. ചില കടകളുടെ മുൻവശം ഇടിച്ചുമാറ്റിയാലെ ശേഷിച്ച നിർമാണം നടത്താനാകൂവെന്നനിലയിലാണ്. കടയുടമകളുടെ എതിർപ്പ് നിർമാണത്തിന് തടസ്സമാകുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

പനച്ചമൂട്ടിലെ പുറമ്പോക്ക് കൃത്യമായി അളന്നുതിരിച്ചാൽ റോഡുപണി സുഗമമാകുമെന്നും ചിലരുടെ ഇടപെടൽ കാരണം അതൊന്നും നടക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. രണ്ട് വാഹനങ്ങൾ കഷ്ടിച്ച് കടന്നുപോകാൻ മാത്രം സൗകര്യമുള്ള ഇവിടെ നിരവധി വാഹനാപകടങ്ങൾ നടന്നിട്ടുണ്ട്.

കുടപ്പനമൂട്ടിൽ പല കടകളും കെട്ടിടങ്ങളും ഇടിച്ചുമാറ്റി നിർമാണം നടത്തിയെങ്കിലും കവലയ്ക്കു സമീപമുള്ള ഒരു കെട്ടിടത്തിനു മുമ്പിൽ ഓട പണിയാതെ ചെറിയ പൊക്കത്തിലുള്ള പാർശ്വഭിത്തി മാത്രമാണ് നിർമിക്കുന്നത്. ഇതേത്തുടർന്നാണ് നാട്ടുകാർ ചൊവ്വാഴ്ച വൈകീട്ട് പണി തടഞ്ഞത്. ബുധനാഴ്ചയും തൊഴിലാളികളെ നാട്ടുകാർ വിലക്കിയതിനാൽ നിർമാണപ്രവർത്തനങ്ങൾ നടന്നില്ല. ഓട നിർമിച്ചാലെ തുടർപണികൾ ചെയ്യാൻ അനുവദിക്കുകയുള്ളൂവെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.