പാറശ്ശാല

: ഇന്ന് ഒക്ടോബറിലെ രണ്ടാം വ്യാഴം. ഈ വ്യാഴം ലോകം കാഴ്ചദിനമായി ആചരിക്കുമ്പോൾ റാബി കാഴ്ച പരിമിതർക്ക് മാതൃകയാവുകയാണ്. പാറശ്ശാല കാരാളി പഴയ റോഡിൽ കുറുന്തെങ്ങുവിള വീട്ടിൽ ടി. റാബി(53)യാണ് ജന്മനാലുള്ള അന്ധതയെ അകക്കണ്ണുകൊണ്ട് തോൽപ്പിച്ച്, വിത്ത് വിതച്ച്, വിളവെടുത്ത് കരുത്ത് തെളിയിക്കുന്നത്.

പാറശ്ശാല കാരാളിക്കുസമീപം താമസിക്കുന്ന റാബി 40 വർഷമായി കൃഷിചെയ്താണ് കുടുംബം പോറ്റുന്നത്. വീട്ടിൽനിന്ന്‌ അരക്കിലോമീറ്റർ അകലെ മൂന്നുവയലുകളിലാണ് റാബിയുടെ കൃഷി. പാട്ടത്തിനെടുക്കുന്ന ഭൂമിയിൽ വാഴ, ചീര, പയർ, പാവൽ, പടവലം എന്നിവയാണ് കൃഷി.

രാവിലെ ആറിന് മൺവെട്ടിയുമായി ഇറങ്ങുന്ന റാബി പ്രദേശവാസികൾക്ക് അത്ഭുതമാണ്. അല്പം പോലും കാഴ്ച ഇല്ലാത്ത റാബി കാൽനടയായി വഴിതെറ്റാതെ കൃത്യമായി കൃഷിയിടത്തിലെത്തും.

റോഡിൽനിന്നു കൃഷിയിടത്തിലേക്ക് തിരിയേണ്ട സ്ഥലം എങ്ങനെ മനസ്സിലാക്കുന്നു എന്നതിന് റാബിയുടെ മറുപടിയിതാണ്- ‘ദൈവമാണ് വഴികാട്ടുന്നത്. അതിനാൽ വഴി തെറ്റാറില്ല.’

ഇടവഴിയിലൂടെ കൃത്യമായി തന്റെ കൃഷിയിടത്തിൽത്തന്നെ റാബി എത്തിച്ചേരുന്നു. വെയിൽ ശക്തമായാൽ കണ്ണ് വേദനിക്കും. അതിനാൽ ഒൻപതു വരെ മാത്രമേ വയലിൽ പണിയെടുക്കൂ. വൈകീട്ട് വെയിൽ മാറിയാൽ വീണ്ടും കൃഷിയിടത്തിലുണ്ടാകും. കൃഷിഭൂമി ഒരിക്കലും വിത്തുവിതയ്ക്കലും വളപ്രയോഗവും കള പറിക്കലും വിളവെടുപ്പും എല്ലാം റാബി ഒറ്റയ്ക്കാണ് ചെയ്യുന്നത്. കളയെയും വിളയെയും കൈകൊണ്ട് തൊട്ടാൽ തിരിച്ചറിയാമെന്നാണ് റാബി പറയുന്നത്.

വിളവെടുക്കുന്ന ചീരയും പയറും പടവലവും എല്ലാം വീടുവീടാന്തരം കയറിയിറങ്ങിയാണ് വിറ്റഴിക്കുന്നത്. വിൽപ്പനയ്ക്ക് സഹായിയായി മകളും ഒപ്പംകൂടും.

ആരോഗ്യപ്രശ്നത്തെത്തുടർന്ന് ശസ്ത്രക്രിയ വേണ്ടിവരുന്നതിനാൽ ഈ വർഷം കൃഷിയിൽനിന്നു വിട്ടുനിൽക്കാനാണ് ഇപ്പോൾ തീരുമാനം.

എന്നാലും മണ്ണിന്റെ മണമില്ലാതെ തനിക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നും മൺവെട്ടിയെടുക്കാൻ ഡോക്ടർ അനുവദിച്ചാൽ കൃഷിയിടത്തിലേക്ക് ഓടിയെത്തുമെന്നുമാണ് റാബി പറയുന്നത്.അന്ധനായ റാബി 40 വർഷത്തിലധികമായി കാർഷികവൃത്തിയുടെ വിജയവഴിയിൽ