പഠനസൗകര്യമില്ലാതെ കുട്ടികളും വലയുന്നു

കോവളം : കോവളം തോപ്പിൻ പുരയിടത്തിൽ ദുരിതജീവിതം നയിക്കുന്നത് 16 കുടുംബങ്ങൾ. മീൻപിടിത്തവും കൂലിപ്പണിയും വീട്ടുവേലയ്ക്ക് പോയുമാണ് ഇവർ ജീവിക്കുന്നത്. ലോക്ഡൗണിൽ തളർന്ന ഈ കുടുംബങ്ങൾ നിത്യവൃത്തിക്കുപോലും വകയില്ലാതെ വലയുകയാണ്.

കുന്നിൻചരിവിലെ കാടുംപടർപ്പും പടർന്നുകിടക്കുന്ന സ്ഥലത്താണ് ഈ കുടുംബങ്ങൾ കഴിയുന്നത്. നാല് ചാൺ വീതിയുള്ള വഴിയിലൂടെ തിങ്ങിഞെരുങ്ങിയാണ് ഇവർക്ക് വീടുകളിലെത്താനാകുക. സ്വന്തമായി ഭൂമിയില്ലാത്തവരായ ഇവർ പലയിടങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്നവരാണ്. തൊഴിൽചെയ്ത് കിട്ടുന്ന വരുമാനം വാടക കൊടുക്കാൻ കഴിയാതെ വന്നപ്പോഴാണ് ഈ കുടുംബങ്ങൾ അപകടമേഖലയും സുരക്ഷിതത്വമില്ലാത്തതുമായ കോവളത്തിനടുത്തുള്ള തോപ്പിൻപുരയിടത്തിലെ കുറ്റിക്കാട് പ്രദേശത്തെത്തി താമസമുറപ്പിച്ചത്.

ആക്രിക്കടകളിൽനിന്നു വാങ്ങിയ വിള്ളൽ വീണ തകരഷീറ്റുകളുടക്കിയാണ് വീടിന് മറ തീർത്തിരിക്കുന്നത്. മേൽക്കൂരകൾക്ക് ടാർപോളിൻ ഷീറ്റും വലിച്ച് കെട്ടിയിട്ടുണ്ട്. ഒറ്റമുറി ഷെഡ്ഡിനെ കിടപ്പുമുറിയും അടുക്കളയുമായാണ് തിരിച്ചിരിക്കുന്നത്. ഒരു കട്ടിലിടാനുള്ള സ്ഥലം മാത്രമേ ഇവർക്കുള്ളൂ. തോപ്പിൻപുരയിടത്തുള്ള സർക്കാരിന്റെ മിച്ചഭൂമിയിലാണ് ഇവർ ഷെഡ്ഡ് കെട്ടി കിടക്കുന്നത്.

കുന്നിന്റെ ചരിവിലാണ് ഈ ഷെഡ്ഡുകൾ. മഴ പെയ്യുമ്പോൾ കുന്നിന്റെ മുകളിലൂടെയുള്ള റോഡിൽനിന്ന് ഇവരുടെ വീടുകളിലേക്കു വെള്ളമൊഴുകിയെത്തും.

റോഡിൽനിന്നുള്ള ഇടുങ്ങിയ വഴിയിലൂടെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലൂടെയാണ് ഇവർ വീടുകളിലേക്കു പോകുന്നത്. കാടും പടർപ്പും മരങ്ങളുമുള്ള ഇവിടം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണ്. പേടിയോടെയാണ് ഇവിടത്തെ വയോധികർ കഴിയുന്നത്.

രോഗികളും വിധവകളുമായ ഇവർക്ക് തൊഴിൽ നഷ്ടപ്പെട്ട്‌ ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകുന്നില്ല. ഇതിനൊപ്പം ലോക്ഡൗണുമായതോടെ ജീവിതം വഴിമുട്ടിനിൽക്കുകയാണ്. കുട്ടികൾക്ക് പഠനത്തിനും സൗകര്യമില്ല.