തിരുവല്ലം : വയോധികയെ ചുമരിൽ തലയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ബിരുദ വിദ്യാർഥി അലക്‌സ് ഗോപനുമായി പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട ദാരുൽ സലാം വീട്ടിൽ ചാൻബീവി(78)യുടെ കഴുത്തിൽ നിന്നും കവർന്ന സ്വർണമാല കണ്ടെടുക്കുന്നതിനാണ് ഇയാളെ സ്വർണ പണയ സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചത്. കല്ലിയൂർ പുന്നമൂട് ഭാഗത്തുള്ള സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ നിന്നും മൂന്നര പവന്റെ മാല തിരുവല്ലം പോലീസ് തിരിച്ചെടുത്തു.
ഒരു ലക്ഷം രൂപയ്ക്കാണ് മാല പണയം വെച്ചിരുന്നത്. ശ്യാമ പ്രസാദ് എന്ന പേരിലായിരുന്നു പണയം വെച്ചത്. പലതവണ സ്വർണം പണയംവെച്ച് പരിചയമുള്ളതിനാൽ മേൽവിലാസം തെളിയിക്കുന്ന രേഖകൾ കൈമാറിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.
മാലക്കൊപ്പം പണയം വയ്ക്കാൻ ശ്രമിച്ച വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് പണയ സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. ഈ വളകൾ സ്ഥാപനത്തിന് തൊട്ടടുത്തുള്ള തോട്ടിലേക്ക് വലിച്ചെറിഞ്ഞുവെന്നാണ് അലക്‌സ് നൽകിയ മൊഴി. അന്വേഷണസംഘം തോട്ടിലും പരിസരത്തും പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താനായില്ല.ബുധനാഴ്ച വൈകീട്ടോടെ പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു. പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.ഫോർട്ട് അസി.കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ തിരുവല്ലം ഇൻസ്‌പെക്ടർ വി.സജികുമാർ, എസ്.ഐ. എ.മനോഹരൻ, സീനിയർ സി.പി.ഒ. എം.മനോജ് കുമാർ എന്നിവരുടെ സംഘമാണ് തെളിവെടുപ്പിനെത്തിയത്.