നേമം : വെള്ളായണി-പുഞ്ചക്കരി-കന്നുകാലിച്ചാൽ ബണ്ട് റോഡ് ടാറിങ് പൂർത്തിയായി. പുഞ്ചക്കരി പാലം മുതൽ കന്നുകാലിച്ചാലിന്റെ ഓരം വഴി വെള്ളായണി ശിവോദയം റോഡിലെ കിരീടം പാലത്തിനു സമീപം വരെയാണ് റോഡ് നിർമാണം. കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി ഗതാഗതയോഗ്യമല്ലാതിരുന്ന പാതയിൽ ഒരുവർഷം മുമ്പ് പണികൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ ടാറിങ് നടത്താതെ നിന്നുപോയ വാർത്ത മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടർന്ന് ഒരാഴ്ചയ്ക്കുശേഷം പണികൾ പുനരരാംഭിക്കുകയും കഴിഞ്ഞ ആഴ്ച ടാറിങ് പൂർത്തിയാക്കുകയും ചെയ്തു.
സുരേഷ് ഗോപി എം.പി.യുടെ വികസന ഫണ്ടിൽ നിന്നും ഒരുകോടി അറുപത്തിയൊന്ന് ലക്ഷം രൂപയാണ് റോഡ് നിർമാണത്തിന് അനുവദിച്ചത്. 1390 മീറ്റർ നീളവും 3.30 മീറ്റർ വീതിയിലുമാണ് റോഡ്. കല്ലിയൂർ പഞ്ചായത്തിനെ നഗരവുമായി ബന്ധിപ്പിക്കാൻ എളുപ്പവഴികൂടിയാണ് ഈ റോഡ്. കരുമം, മേലാംകോട്, പുഞ്ചക്കരി, കല്ലിയൂർ, വെള്ളായണി പ്രദേശങ്ങളിലുള്ളവർക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡുകൂടിയാണിത്.