തിരുവനന്തപുരം : യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ അധ്യാപകപ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാലര വർഷമായി അധ്യാപകർക്ക് നിയമനാംഗീകാരം നൽകിയിട്ടില്ലെന്ന കാര്യം അതീവ ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ശമ്പളപരിഷ്കരണം പ്രഖ്യാപിക്കുക, അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകുക, കുടിശ്ശികയുള്ള ക്ഷാമബത്ത അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ.എസ്.ടി.യു. സംസ്ഥാന പ്രസിഡന്റ് അബ്ദുള്ള വാവൂർ അധ്യക്ഷത വഹിച്ചു. എം.എൽ.എ.മാരായ കെ.എൻ.എ.ഖാദർ, പി.കെ.ബഷീർ, ടി.വി.ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ, പാറയ്ക്കൽ അബ്ദുള്ള, കെ.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡന്റ് എ.കെ.സൈനുദ്ദീൻ, പ്രൊഫ. തോന്നയ്ക്കൽ ജമാൽ, ബീമാപള്ളി റഷീദ്, വി.കെ.അജിത്കുമാർ, പി.ഹരിഗോവിന്ദൻ, എ.വി.ഇന്ദുലാൽ തുടങ്ങിയവർ സംസാരിച്ചു.