ആദിവാസിഗ്രാമങ്ങൾ ഒറ്റപ്പെട്ടു
നാഗർകോവിൽ : കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴ അണക്കെട്ടുകളിൽ ജലനിരപ്പുയർത്തി. ഇതോടൊപ്പം അപ്പർ കോതയാറിൽ മഴ കനത്തപ്പോൾ പേച്ചിപ്പറ അണക്കെട്ടിൽ ജലനിരപ്പ് 47 അടിയെത്തി. പേച്ചിപ്പാറ അണക്കെട്ടിൽ വെള്ളം കൂടിയതോടെ തുറന്നുവിടാൻ അധികൃതർ ഉത്തരവിട്ടു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ 1000 ഘനയടി ഉപരിജലം തുറന്നു. വൈകുന്നേരത്തോടെ 3000 ഘനയടിയായി ഉയർത്തി. കോതയാറിൽനിന്നുള്ള വെള്ളം കൂടിയ സാഹചര്യത്തിൽ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് 5000 ഘനയടിയായി ഉയർത്തി. ഇതോടെ ആറുകൾ നിറഞ്ഞൊഴുകി. തൃപ്പരപ്പ് അരുവിയിലും നിയന്ത്രണാതീതമായ ഒഴുക്കുണ്ട്. കുറ്റിയാർ പാലം മുങ്ങിയതോടെ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഇതോടെ കുറ്റിയാർ, കിളവിയാർ, തച്ചമല ഉൾപ്പെടെയുള്ള 12 ആദിവാസിഗ്രാമങ്ങൾ ഒറ്റപ്പെട്ടു. മഴ തുടർന്നു പെയ്യുന്ന സാഹചര്യത്തിൽ പേച്ചിപ്പാറയിൽനിന്നുള്ള വെള്ളം കൂടുതൽ തുറന്നുവിടാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു.