തിരുവല്ലം : പാപ്പാൻ ചാണി-ശാന്തിപുരത്ത് പോലീസിന്റെ ജീപ്പ് അടിച്ചുതകർക്കുകയും പെട്രോൾ ബോംബെറിഞ്ഞ ശേഷം കവർച്ചക്കേസിലെ പ്രതികളെ കടത്തിക്കൊണ്ടുപോകുകയും ചെയ്ത കേസിലെ പതിമൂന്ന് പേരിൽ അഞ്ചുപേരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജീപ്പ് അടിച്ചുതകർക്കാനും വെട്ടിപ്പൊളിക്കാനുമുപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.
റിമാൻഡിലുള്ള വണ്ടിത്തടം പാപ്പാൻ ചാണി സ്വദേശി മനു, നരുവാമൂട് സ്വദേശികളായ അതുൽ, ചിക്കു, കാട്ടാക്കട കണ്ടല സ്വദേശികളായ അജീഷ്, സച്ചിൻ എന്നിവരെയാണ് തിരുവല്ലം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം ശാന്തിപുരത്ത് തെളിവെടുപ്പിനെത്തിച്ചത്.
ശാന്തിപുരത്തെ കുറ്റിക്കാടിനു സമീപം ഒളിപ്പിച്ചിരുന്ന വാൾ, വെട്ടുകത്തി എന്നിവ കണ്ടെടുത്തു. അതേസമയം, സംഭവ ദിവസം പോലീസ് ജീപ്പിലുണ്ടായിരുന്ന വയർലെസ് സെറ്റുകൾ സംഘം അടിച്ചുതകർത്തിരുന്നു.
ഇതിലൊരെണ്ണം സംഘം കടത്തിക്കൊണ്ടുപോയി. ഇതു കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഡിസംബർ 24-ന് രാത്രി ഏഴോടെയായിരുന്നു സംഭവം. ഫോർട്ട് അസി. കമ്മിഷണർ ആർ.പ്രതാപൻ നായരുടെ നേതൃത്വത്തിൽ തിരുവല്ലം ഇൻസ്പെക്ടർ വി.സജികുമാർ, എസ്.ഐ.മാരായ നിതിൻ നളൻ, എ.മനോഹരൻ, അസി. സബ് ഇൻസ്പെക്ടർ ഗിരീഷ് ചന്ദ്രൻ എന്നിവരാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.