-ന് കൂടുതൽ ഡോസ് കിട്ടുമെന്ന് പ്രതീക്ഷ

രാജേഷ് കെ.കൃഷ്ണൻ

തിരുവനന്തപുരം

: ജില്ലയിൽ കോവിഡ് പ്രതിരോധം ഊർജിതമാക്കുമ്പോഴും ആവശ്യത്തിന് വാക്‌സിൻ ഇല്ലാതെ ആരോഗ്യവകുപ്പ്. വാക്സിൻ ക്ഷാമം മൂലം ജില്ലയിൽ പലയിടത്തും കോവിഡ് സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് മുടങ്ങി. 45-ന് മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചിരുന്നത്. ഇതിനായി വാർഡുതല കുത്തിവെപ്പ്‌ യജ്ഞങ്ങൾ ആരംഭിച്ചിരുന്നു. ഇവയാണ് വാക്സിനില്ലാത്തതിനാൽ മുടങ്ങുന്നത്.

തിരുവനന്തപുരം മേഖലയിലേക്കായി ചൊവ്വാഴ്ച രാവിലെ 68000 ഡോസ് കോവാക്‌സിൻ എത്തിച്ചിരുന്നു. എന്നാൽ, ജില്ലയിലേക്ക് പര്യാപ്തമായ രീതിയിൽ വാക്‌സിൻ ലഭിച്ചിട്ടില്ല. ആകെ പതിനായിരത്തിൽ താഴെ ഡോസ് വാക്‌സിൻ മാത്രമാണ് തിരുവനന്തപുരത്തെ റീജണൽ സ്‌റ്റോറിൽ സ്‌റ്റോക് ഉള്ളത്. നിലവിൽ 30000 ഡോസ് വാക്‌സിൻ സ്‌പെഷ്യൽ ഡ്രൈവ് വഴി നൽകുന്നുണ്ട്. രോഗം വ്യാപിക്കുന്നതിനാൽ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണവും ദിവസംതോറും കൂടുകയാണ്. 30000 ഡോസ് വാക്‌സിൻ എങ്കിലും ഉണ്ടെങ്കിൽ മാത്രമേ ദിനംപ്രതിയുള്ള വാക്‌സിനേഷൻ നടക്കുകയുള്ളൂ.

കേന്ദ്രത്തിൽ നിന്നും ഇനി 15-ാം തീയതിയാണ് കോവിഷീൽഡ് വാക്‌സിൻ എത്തുക. എത്ര ഡോസ് വാക്‌സിൻ ലഭിക്കും എന്ന കാര്യത്തിലും വ്യക്തതയില്ല. 50 ലക്ഷം ഡോസ് വാക്‌സിൻ അടിയന്തരമായി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധന് കത്തയച്ചിരുന്നു.

പലയിടങ്ങളിൽ പ്രതിസന്ധി

:കാട്ടാക്കട പഞ്ചായത്തിൽ ആമച്ചൽ കുടുംബാരോഗ്യകേന്ദ്രത്തിൽ അഞ്ച് വാർഡുകൾക്കായുള്ള ക്യാമ്പിൽ 10 പേർക്ക് മാത്രമാണ് കുത്തിവെപ്പ്‌ നൽകാനായത്. മേഖലയിലെ പല ആശുപത്രികളിലും ആവശ്യത്തിന് വാക്സിൻ സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. ഇലകമൺ ഗ്രാമപ്പഞ്ചായത്തിലെ പാളയംകുന്ന് ഗവ. എച്ച്.എസ്.എസിലും ഹരിഹരപുരം എൽ.പി. സ്‌കൂളിലും ചൊവ്വാഴ്ച നടത്താനിരുന്ന കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് വാക്സിനില്ലാത്തതിനാൽ മാറ്റിവച്ചു. ആനാട് പഞ്ചായത്തിലെ ആനാട് എൽ.പി.എസിലും കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് മുടങ്ങി. 30-ൽ അധികം ആളുകൾ ക്യാമ്പിൽ വന്ന് മരുന്ന് കിട്ടാതെ മടങ്ങി. ഇവർക്ക് 16-ാം തീയതി വാക്‌സിൻ നൽകുമെന്ന് അധികൃതർ അറിയിച്ചു.

തലസ്ഥാനത്ത് ഒരുദിവസം ഏറ്റവും കൂടുതൽ വാക്‌സിൻ നൽകുന്ന ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ ചൊവ്വാഴ്ചയും 800-നടുത്ത് ആളുകൾ കുത്തിവെപ്പെടുത്തു. വന്ന എല്ലാവർക്കും മരുന്ന് നൽകാനായെന്ന് അധികൃതർ അറിയിച്ചു.

കിളിമാനൂർ ബ്ലോക്കിലെ എട്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കേശവപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലും വാക്‌സിൻ സ്‌റ്റോക്കില്ല. പഴയകുന്നുമ്മേൽ, പുളിമാത്ത് പഞ്ചായത്തുകളിലെ ക്യാമ്പുകൾ നടത്താനായില്ല. കല്ലറ പഞ്ചായത്തിലെ ക്യാമ്പുകൾ മുടങ്ങി. സാമൂഹികാരോഗ്യകേന്ദ്രത്തിൽ 200 പേർക്കുള്ള വാക്‌സിനുണ്ടായിരുന്നു. ചിറയിൻകീഴ് ബ്ലോക്കിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ചൊവ്വാഴ്ച വാക്‌സിനേഷൻ നടന്നു. അടുത്തദിവസത്തേയ്ക്ക് വാക്സിനില്ല. മംഗലപുരം, അണ്ടൂർക്കോണം, പോത്തൻകോട് പഞ്ചായത്തുകളിലും വാക്സിൻ സ്‌റ്റോക്കില്ല.