വട്ടപ്പാറ : വേനൽക്കാലത്ത് ഗ്രാമങ്ങളെ ജലസമൃദ്ധമാക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾക്ക് വട്ടപ്പാറയിൽ പുതിയ പാഠങ്ങളൊരുങ്ങുന്നു.

വെമ്പായം പഞ്ചായത്തിലെ വേറ്റിനാട് ആണ് ഗ്രാമങ്ങളിൽ പുതിയ ജലസ്രോതസ്സുകൾ ഒരുക്കുന്നത്. വേറ്റിനാട് മുളങ്കാട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് വലിയകുളം കുഴിച്ച് തണ്ണീർസാന്നിധ്യം തീർത്തത്ത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വേറ്റിനാട് പ്രീതാലയിത്തിൽ പ്രവീണിന്റെ പുരയിടത്തിലാണ് വലിയ കുളം കുഴിച്ചത്. 40 തൊഴിലാളികൾ 12 ദിവസം കൊണ്ടാണ് കുളം നിർമിച്ചത്. 11 മീറ്റർ നീളവും വീതിയുമുള്ള കുളത്തിന് മൂന്നരമീറ്റർ ആഴവുമുണ്ട്.

സമൃദ്ധമായ വെള്ളമുള്ള കുളം പ്രവീണിനുമാത്രമല്ല സമീപവാസികൾക്കും അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് കുഴിച്ചിരിക്കുന്നത്. കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്നതുമാണ്. വാർഡംഗം രാജേഷ്, അസിസ്റ്റന്റ് എൻജിനീയർ വിഷ്ണു എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.