പാറശ്ശാല : കെ.എസ്.ആർ.ടി.സി.ക്ക് നല്ല വരുമാനം ലഭിച്ചിരുന്ന കളിയിക്കാവിള-സിവിൽ സ്‌റ്റേഷൻ ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തി. സ്ഥിരംയാത്രക്കാരുടെ പ്രതിഷേധത്തെയും പരാതിയെയും തുടർന്ന് സർവീസ് പുനരാരംഭിച്ചു.

ടിക്കറ്റ് നിരക്ക് കൂടി ബന്ധൻ സർവീസായി മാറ്റുന്നതിനാണ് സിവിൽ സ്റ്റേഷൻ ബസ് സർവീസ് പരീക്ഷണാടിസ്ഥാനത്തിൽ നിർത്തിയതെന്നാണ് ആരോപണം.

അതിർത്തിപ്രദേശം മുതലുള്ള കളക്ട്രേറ്റിലെയും സിവിൽ സ്റ്റേഷനിലെയും ജീവനക്കാർ ജോലിക്കെത്തുന്നതിന് ആശ്രയിച്ചിരുന്ന കളിയിക്കാവിള-സിവിൽസ്‌റ്റേഷൻ സർവീസ് തിങ്കളാഴ്ച രാവിലെ മുതലാണ് മുന്നറിയിപ്പില്ലാതെ നിർത്തിയത്.

രാവിലെ കളിയിക്കാവിളയിൽനിന്ന്‌ ഏഴേമുക്കാലിന് ആരംഭിച്ച് പത്ത് മണിക്ക് പേരൂർക്കട സിവിൽ സ്റ്റേഷനിൽ എത്തുന്ന നിലയിലാണ് സർവീസ് ക്രമീകരിച്ചിരുന്നത്.

തിരിച്ച് വൈകീട്ടും സിവിൽ സ്റ്റേഷനിൽനിന്ന് കളിയിക്കാവിളയിലേക്കാണ് സർവീസ് നടത്തിവന്നിരുന്നത്.

പാറശ്ശാല ഡിപ്പോയിൽനിന്നുള്ള ഈ സർവീസിന് ഒരു സർവീസിൽ ശരാശരി 3500 രൂപയിലധികം വരുമാനം ലഭിച്ചിരുന്നതാണ്.

കളിയിക്കാവിളയിൽനിന്ന്‌ ബസ് പരശുവയ്ക്കലിൽ എത്തുമ്പോൾത്തന്നെ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിക്കും.

സ്റ്റോപ്പുകളിൽ ഏറെനേരം കാത്തുനിന്നശേഷവും ബസ് എത്താത്തതിനെത്തുടർന്ന് സ്ഥിരംയാത്രക്കാർ ഫോണിൽ ഡിപ്പോയിൽ ബന്ധപ്പെട്ടപ്പോഴാണ് സർവീസ് നിർത്തലാക്കിയ വിവരം അറിയുന്നത്.

തുടർന്ന് യാത്രക്കാർ പാറശ്ശാല എം.എൽ.എ. സി.കെ.ഹരീന്ദ്രനുമായും കെ.എസ്.ആർ.ടി.സി. അധികൃതരുമായും ബന്ധപ്പെട്ട് പ്രതിഷേധം അറിയിച്ചു.

സ്ഥിരം യാത്രക്കാരുടെ പ്രതിഷേധം ശക്തമായപ്പോൾ ചൊവ്വാഴ്ച മുതൽ വീണ്ടും കെ.എസ്.ആർ.ടി.സി. സിവിൽ സ്റ്റേഷൻ സർവീസ് പുനരാരംഭിച്ചു.

ബസ് ചാർജ് കൂടിയ ബന്ധൻ സർവീസിലേക്ക് ഈ സർവീസ് മാറ്റിയാൽ സ്ഥിരംയാത്രക്കാർ ഉറപ്പായും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി. ഉന്നതർ സിവിൽ സ്റ്റേഷൻ സർവീസ് റദ്ദാക്കിയതെന്ന് യാത്രക്കാർ ആരോപിക്കുന്നു.