തിരുവനന്തപുരം : റോഡിൽ പായ വിരിച്ചു കിടന്ന് യുവാക്കളുടെ പ്രതിഷേധം. ഒടുവിൽ ഗതാഗതക്കുരുക്കുണ്ടാക്കിയതിന് കേസെടുത്ത് ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

ന്യൂ തിയേറ്റർ റോഡിലെ മാലിന്യപ്രശ്നത്തിന് പരിഹാരം തേടിയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ജീമോൻ കല്ലുപുരയ്ക്കൽ (38), അജു കെ.മധു (27) എന്നിവരാണ് തമ്പാനൂർ മേൽപ്പാലത്തിൽ പായ വിരിച്ചു കിടന്നത്.

ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഗതാഗതക്കുരുക്ക് ഉണ്ടായതിന് പിന്നാലെ തമ്പാനൂർ പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. നടുറോഡിൽ പായ വിരിച്ച് കിടന്നതിനും ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനും കേസെടുത്തു ജാമ്യത്തിൽ വിട്ടു.

തമ്പാനൂർ-ന്യൂ തിയേറ്റർ റോഡിൽ ഡ്രെയിനേജ് പൊട്ടി മാലിന്യം റോഡിലേക്ക് ഒഴുകുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ജീമോൻ കല്ലുപുരയ്ക്കൽ ഒറ്റയാൾ പ്രതിഷേധം നടത്തിയിരുന്നു.

ന്യൂ തിയേറ്റർ റോഡിലായിരുന്നു വൈകുന്നേരംവരെ നീണ്ടുനിന്ന ആ പ്രതിഷേധം. ഈ ഭാഗത്ത് ഓടകൾ തകർന്ന് മാലിന്യം നിറയുന്നതിനെക്കുറിച്ച് 'മാതൃഭൂമി' വാർത്തകൾ നൽകിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് പെയ്ത മഴയിലും ഇവിടെ വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്. തുടർന്നാണ് ചൊവ്വാഴ്ച ഇവർ 'കിടപ്പ് പ്രതിഷേധം' കടുപ്പിച്ചത്.