വിതുര : കുളിക്കാനായി ആശ്രയിക്കുന്ന തോട് കെട്ടി അടയ്ക്കാൻ വ്യക്തി ശ്രമിക്കുന്നതായി നാട്ടുകാരുടെ പരാതി. വിതുര മരുതാമല ഐസറിനു സമീപത്തെ വലിയ തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നതായാണ് ആക്ഷേപം.

തോടിനോടു ചേർന്ന് പ്രവർത്തിക്കുന്ന സ്വകാര്യ കോഴിഫാം ഉടമകളാണ് പിന്നിലെന്നാണ് ആരോപണം. വർഷങ്ങളായി കുളിക്കാനും കന്നുകാലികളെ കുളിപ്പിക്കാനുമായി നാട്ടുകാർ ഉപയോഗിക്കുന്ന ഒന്നിലധികം കടവുകൾ തോട്ടിലുണ്ട്. തോടിനു കുറുകെ വലിയ പൈപ്പുകൾ ഉപയോഗിച്ചു നിർമിച്ച പാലമുണ്ട്. ഈ പാലത്തിന്റെ വശങ്ങൾ ഇരുമ്പുപാളികൾ ഉപയോഗിച്ച് അടയ്ക്കാനാണ് ശ്രമമെന്ന് സമീപവാസികൾ ആരോപിക്കുന്നു. ഈ അണയിൽ വെള്ളം കെട്ടിനിൽക്കുന്നതോടെ തോടിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുമെന്നും അവർ പറയുന്നു. വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ അനേകം കുടുംബങ്ങൾ ആശ്രയിക്കുന്ന തോട് സംരക്ഷിക്കണമെന്നാണ് ആവശ്യം. നീരൊഴുക്ക് നിലച്ച തോട്ടിൽ മാലിന്യങ്ങൾ നിറയുമെന്നും ആക്ഷേപമുണ്ട്. ഫാം ഉടമകളോട് സംസാരിച്ചെങ്കിലും അവർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് സമീപവാസികൾ പറയുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് അവർ ആവശ്യപ്പെടുന്നത്.