മാറനല്ലൂർ : പഞ്ചായത്തിലെ ഓഫീസ് വാർഡിൽപ്പട്ട മഠത്തുവിള റോഡിലൂടെ നടന്നുപോകാൻപോലും കഴിയാത്ത സ്ഥിതിയാണിപ്പോൾ.

മാസങ്ങൾക്കു മുൻപ്‌ മഠത്തുവിള റോഡിന്റെ കുറേ ഭാഗത്തിന്റെ പണി നടത്തിയിരുന്നു. ബാക്കി ഭാഗം ഉടൻ നവീകരിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ആലംപൊറ്റയിൽനിന്ന് മഠത്തുവിള വഴി കനാലിന്റെ വരമ്പിലൂടെ കൂവളശ്ശേരി ക്ഷേത്ര റോഡിലും മാറനല്ലൂർ പുന്നാവൂർ റോഡിലും പോകാനുള്ള എളുപ്പവഴിയാണിത്. എന്നാൽ, റോഡ് പൊളിഞ്ഞുകിടക്കുന്നതു കാരണം ഇതുവഴി ഇരുചക്രവാഹനങ്ങൾപോലും പോകാറില്ല. രണ്ടു ദിവസം മുമ്പുണ്ടായ മഴയിൽ റോഡ് പൂർണമായും തകർന്നു. റോഡിന്റെ ശോച്യാവസ്ഥ അറിയാതെ വരുന്ന ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. നാട്ടുകാർ റോഡിെന്റ വശങ്ങളിൽ അപായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

പഞ്ചായത്തിൽ പൊട്ടിപ്പൊളിഞ്ഞു കിടന്ന പല റോഡുകൾ നവീകരിച്ചെങ്കിലും മഠത്തുവിള റോഡിന്റെ നവീകരണം അധികൃതർ മറന്നുപോയെന്നാണ് നാട്ടുകാരുടെ പരാതി. കയറ്റിറക്കമുള്ള റോഡിൽ വശങ്ങളിൽ ഓട നിർമിക്കുകയോ കോൺക്രീറ്റ് ചെയ്ത് നവീകരിക്കുകയോ ചെയ്ത് പണി എത്രയും വേഗം പൂർത്തീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.