തിരുവനന്തപുരം : കഴിഞ്ഞ ദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയിലും കാറ്റിലും പേട്ട റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. റെയിൽവേ ആശുപത്രിക്കു സമീപംനിന്ന മരമാണ് കടപുഴകിയത്. രണ്ട് ട്രാക്കുകളിലേക്കും മരം വീണ് ഗതാഗതം നിലച്ചു. രണ്ട് വൈദ്യുതത്തൂണുകൾ ചരിഞ്ഞു. ആദ്യം ഒരു ട്രാക്കിലുള്ള മരച്ചില്ലകൾ മുറിച്ചുമാറ്റി അതിലൂടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഒരു മണിക്കൂറോളം എടുത്ത് രണ്ടാമത്തെ ട്രാക്കും ഗതാഗതയോഗ്യമാക്കി. കൊച്ചുവേളിയിൽനിന്നും ഉദ്യോഗസ്ഥരെത്തിയാണ് രണ്ടാമത്തെ ട്രാക്കിലെ ഹൈടെൻഷൻ ലൈനിലെ വൈദ്യുതി വിച്ഛേദിച്ചത്. ഗതാഗതം തടസ്സപ്പെട്ടതിനാൽ തീവണ്ടികൾ അരമണിക്കൂറോളം വൈകുകയും ചെയ്തു.