തിരുവനന്തപുരം : കഴക്കൂട്ടം കല്പന കോളനി സ്വദേശികളായ കൊച്ചൂട്ടി എന്ന ശ്യാംകുമാർ, വിനോദ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട നാല് പ്രതികളെയും കോടതി െവറുതെവിട്ടു. ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എൽ.ജയവാന്തിന്റേതാണ് ഉത്തരവ്.

കഴക്കൂട്ടം മേനംകുളം കല്പന കോളനി സ്വദേശികളായ കല്പന സുരേഷ് എന്ന വെട്ട് സുരേഷ്, സുജിത്ത്, വട്ടിയൂർക്കാവ് മണികണേ്ഠശ്വരം സ്വദേശി ബിനു എന്ന വിനോദ്, കഴക്കൂട്ടം കിഴക്കുംഭാഗം സ്വദേശി സുമേഷ് എന്നീ പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടത്. എട്ട് പ്രതികൾ ഉണ്ടായിരുന്ന കേസിൽ നാലു പ്രതികൾ മാത്രമാണ് വിചാരണ നേരിട്ടത്. കുന്നത്തുകാൽ കോട്ടുകോണം സ്വദേശി പാറ ബിനു എന്ന ബിനു, കല്പന കോളനി സ്വദേശികളായ രതീഷ്, സിമ്രാൻ എന്ന വിനോദ് എന്നീ മൂന്ന് പ്രതികൾ വിചാരണയ്ക്കു മുമ്പുതന്നെ മരിച്ചു. മറ്റൊരു പ്രതിയായ സുമേഷിനെ ഇതുവരെയും പോലീസിനു പിടികൂടാനായിട്ടില്ല. 2003 ഒക്ടോബർ 16നാണ് ശ്യാംകുമാറും വിനോദും കൊല്ലപ്പെട്ടത്. ഇരുവരും മുമ്പ് കല്പന സുരേഷിന്റെ ഗുണ്ടാ പ്രവർത്തനത്തിൽ സജീവ പങ്കാളികൾ ആയിരുന്നു. പ്രതികൾ ശ്യാംകുമാറിനെയും വിനോദിനെയും വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കരിങ്കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.