പോത്തൻകോട് : പോത്തൻകോട്ട് കാവുവിളയിൽ പുലിയെ കണ്ടതായി നാട്ടുകാർ. കണ്ടത് പുലിയെ ആയിരിക്കില്ലെന്ന്‌ വനം വകുപ്പ് അധികൃതർ പറയുന്നു.

കാവുവിള പുതുവൽ പുത്തൻ വീട്ടിൽ ജിതിനാണ് പുലിയെ കണ്ടെന്ന് പറയുന്നത്. ഒരു മഞ്ഞ നിറത്തിലുള്ള മൃഗമെന്നും നായയെക്കാൾ വലിയ ജീവിയെയാണ് കണ്ടതെന്നുമാണ് ജിതിനും ജിതിന്റെ അമ്മയും സഹോദരിയും പറയുന്നു. പുലിയെ കണ്ട സ്ഥലത്തുനിന്നു ലഭിച്ച കാൽപ്പാടുകൾ വനം വകുപ്പ് അധികൃതർക്ക് അയച്ചുകൊടുത്തു. എന്നാൽ ഇത് പുലിയുടെ കാൽപ്പാടുകളല്ലായെന്നാണ് വനംവകുപ്പിന്റെ നിഗമനം. കണ്ടത് കാട്ടുപൂച്ചയോ മറ്റോ ആകാമെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്.

ഈ പരിസരത്ത് മറ്റു ജീവികൾ ആക്രമിക്കപ്പെട്ടതായി ഒരു തെളിവും ലഭിച്ചിട്ടില്ല. തുടർന്ന് ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവം നടന്ന കാവുവിളയിലും പരിസര പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇവിടെ രാത്രി പോലീസ് പരിശോധന നടത്തുമെന്നും പോത്തൻകോട് എസ്.എച്ച്.ഒ. എം.ജെ.അരുൺ പറഞ്ഞു.