തിരുവനന്തപുരം
: ഓഫീസോ വീടോ വാഹനമോ അണുവിമുക്തമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? എങ്കിൽ കുടുംബശ്രീയിലെ വനിതകളെ വിളിച്ചാൽ മതി. ഏതു പ്രതലത്തിലുള്ള സ്ഥലങ്ങളും അണുവിമുക്തമാക്കാൻ ഇവർ റെഡിയാണ്. ചതുരശ്രയടി ചെലവിൽ അണുവിമുക്തമാക്കി നൽകാൻ 40 പേരടങ്ങുന്ന സംഘമാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസും വീടും അണുവിമുക്തമാക്കിയതും ഈ കുടുംബശ്രീ സംഘമാണ്. പരിശീലനം നൽകിയ കുടുംബശ്രീ അംഗങ്ങളായ വനിതകളാണ് ജില്ലയിൽ ഉടനീളം അണുവിമുക്തമാക്കാനെത്തുന്നത്. സിമന്റ്, തടി, ലെതർ, മെറ്റൽ തുടങ്ങിയ പ്രതലങ്ങളിൽ കേടുപാടുകൾ ഉണ്ടാകാത്ത തരത്തിലുള്ള അണുനശീകരണ മിശ്രിതമാണ് ഉപയോഗിക്കുന്നത്. മൂന്നു രീതിയിലുള്ള അണുനശീകരണ സേവനമാണ് നൽകുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
അണുനശീകരണ ലായിനി യന്ത്രവത്കൃത സ്‌പ്രേയറിലൂടെ പ്രയോഗിക്കുന്ന അണുനശീകരണമാണ് ഒന്നാമത്തെ രീതി. പൂർണമായ അണുനശീകരണം ഉറപ്പാക്കാവുന്ന ഈ രീതിയിൽ ഒരു ഘട്ടം മാത്രമാണുള്ളത്. ഇത്തരത്തിൽ അണുനശീകരണം ചെയ്യുന്നതിന് ചതുരശ്രയടിക്ക് രണ്ടുരൂപ നിരക്കിലാണ് ചെലവ് വരുന്നത്. രണ്ട് ഘട്ടങ്ങളുള്ള അണുനശീകരണമാണ് രണ്ടാമത്തെ രീതി.
ഇതിൽ അണുനാശിനി പ്രയോഗിക്കുന്നതിനു മുൻപ് പ്രതലം വൃത്തിയായി അടിച്ചുവാരി സുഗന്ധം പരത്തുന്ന രാസപദാർഥങ്ങൾ ഉപയോഗിച്ച് തുടയ്ക്കും. ഈ രീതിയിൽ അണുനശീകരണം ചെയ്യുന്നതിന് ചതുരശ്രയടിക്ക് മൂന്നര രൂപയാണ് ഈടാക്കുക. അണുനശീകരണത്തിന്റെ മൂന്നാമത്തെ രീതിയിൽ മൂന്ന് ഘട്ടങ്ങളാണുള്ളത്. സോപ്പ്, ഓയിൽ, ഡിറ്റർജന്റ്, ഫിനോയിൽ, മറ്റ് ദ്രാവകങ്ങൾ, വെള്ളം എന്നിവ ഉപയോഗിച്ചു പ്രതലങ്ങൾ വൃത്തിയാക്കും. അതിനു ശേഷം പ്രത്യേക മിശ്രിതം കൊണ്ട് തുടച്ച് ഉണക്കും. ശേഷം അണുനശീകരണ ലായിനി ഉപയോഗിച്ച് അണുവിമുക്തമാക്കും. ചതുരശ്രയടിക്ക് എട്ടുരൂപ നിരക്കിലായിരിക്കും സേവനം ലഭിക്കുക.
വാഹനങ്ങൾക്ക് അനുയോജ്യമായ രാസപദാർഥങ്ങൾ, സ്‌പ്രേ എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കിയും നൽകും. ചെറിയ കാറുകൾ അണുവിമുക്തമാക്കുന്നതിന് 750 രൂപയാണ്.
വലിയ കാറുകൾ, ടെമ്പോ, വാൻ, ബസ്, ട്രക്ക് മുതലായവയും അണുവിമുക്തമാക്കി നൽകും. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ള അണുനശീകരണ മിശ്രിതങ്ങളാണ് ഉപയോഗിക്കുന്നത്.
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് അണുനശീകരണം. സംഘത്തിലെ എല്ലാവരും പി.പി.ഇ. കിറ്റ് ധരിച്ചാണ് അണുനശീകരണത്തിന് എത്തുന്നത്.
സുരക്ഷ ഉറപ്പാക്കിയാണ് അണുനശീകരണം നടത്തുന്നതിനുള്ള സംഘം പ്രവർത്തിക്കുന്നതെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ.ആർ.ഷൈജു പറഞ്ഞു. ഫോൺ- 9048503553.