വിഴിഞ്ഞം : 50 വർഷമായി കുടിവെള്ളം കിട്ടാത്തവരാണ്‌ നഗരസഭയുടെ വിഴിഞ്ഞം-കോട്ടപ്പുറം വാർഡിലുള്ളവർ. ഇവിടെ കുടിവെള്ളത്തിനായി സർക്കാർ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ നോക്കുകുത്തികളാണ്. പൊതുടാപ്പുകളിൽ വെള്ളമെത്തുന്നത് ആഴ്ചയിൽ ഒരു തവണ. അതും അർധരാത്രിയിൽ മാത്രം. സ്വകാര്യ ടാങ്കർ ലോറികളിലെത്തുന്ന കുടിവെള്ളം പണം കൊടുത്തു വാങ്ങേണ്ടിവരുന്നു.

കുടങ്ങളും പാത്രങ്ങളുമായി പുലർച്ചെ മുതൽ ജനം കാത്തിരിക്കുന്ന കാഴ്ചയാണ് ഇവിടെ. ഭക്ഷണമുണ്ടാക്കുന്നതിനും വസ്ത്രങ്ങൾ അലക്കാനും പ്രാഥമികാവശ്യങ്ങൾക്കും വരെ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട സ്ഥിതി.

വീടുകളിൽ ചെറു ടാങ്കുകൾ വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഈ ടാങ്കിൽ വെള്ളം നിറച്ച് തരുന്നതിന് 250 രൂപ നൽകണം. ടാങ്കർ ലോറിയെത്തിയില്ലെങ്കിൽ കുപ്പിവെള്ളം വാങ്ങി ഭക്ഷണം പാകംചെയ്യണം.

തിരഞ്ഞെടുപ്പുകളും ഭരണകർത്താക്കളും പലവട്ടം മാറി വന്നെങ്കിലും ഇവിടത്തെ കുടിവെള്ളപ്രശ്നത്തിന് പരിഹാരമുണ്ടായിട്ടില്ല. ഇപ്പോൾ കിട്ടുന്ന വെള്ളവും ശുദ്ധമല്ല. വിഴിഞ്ഞ‚ം ഇന്റർനാഷണൽ സീപോർട്ട്‌ ലിമിറ്റഡിന്റെ (വിസിൽ) സാമൂഹികപ്രതിബദ്ധതാ പദ്ധതിയിലുൾപ്പെടുത്തി കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പൈപ്പ്‌ ലൈനുകൾ സ്ഥാപിച്ചുവരികയാണ്‌.