തിരുവനന്തപുരം : ഒരാണ്ടിന്റെ പുണ്യം കണികണ്ട് നിറയ്ക്കാനുള്ള അവസരമാണ് മേടവിഷു. വീട്ടിൽ വിഷുക്കണി ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മലയാളികൾ. ലോക്‌ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം നഷ്ടത്തിലായ വിഷുവിപണി ഇത്തവണ പുനരുജ്ജീവനത്തിന് ഒരുങ്ങുന്നു.

സ്വർണവർണം കോരിനിറച്ചപോലെ നാടെങ്ങും കണിക്കൊന്നകൾ പൂക്കൂട നിറച്ചുനിൽക്കുന്നു. മാവുകളും പ്ലാവുകളും കണികാണാനായി ഉണ്ണിക്കനികളെ തോളിലേറ്റിയിട്ടുണ്ട്. ഏപ്രിൽ രണ്ടാംവാരം വിളവെടുക്കുന്നതിന് ഫെബ്രുവരി ആദ്യം തുടങ്ങിയ കണിവെള്ളരി കൃഷി പാടങ്ങളിൽ പാകമായി. വഴിവക്കിൽ ചിരിതൂകുന്ന ഉണ്ണിക്കണ്ണന്റെ ശിൽപ്പങ്ങൾ വിൽപ്പനയ്ക്ക് നിരന്നുകഴിഞ്ഞു. കോവിഡിന്റെ രണ്ടാംവരവിൽ അശാന്തമായ അന്തരീക്ഷത്തിലും വിഷുവിന്റെ ശുഭസന്ദേശമറിയിക്കുന്ന കാഴ്ചകളാണെങ്ങും. മോശമല്ലാത്ത കച്ചവടം പ്രതീക്ഷിച്ച് വിഷുവിപണിയും ഉണരുകയാണ്.

കഴിഞ്ഞ തവണ വീടുകളിൽ പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ ശേഖരിച്ചാണ് അധികംപേരും വിഷുക്കണിയൊരുക്കിയത്. കുടുംബാംഗങ്ങളിൽ ഏറെയും വീട്ടിലുണ്ടായിരുന്നതും പ്രത്യേകതയായിരുന്നു. വിഷുവിന് പതിവുള്ള ക്ഷേത്രദർശനം കഴിഞ്ഞതവണ സാധിച്ചിരുന്നില്ല. ഇക്കുറി എല്ലാത്തിനും മാറ്റമുണ്ട്. ചാല മുതൽക്കുള്ള പ്രധാന കമ്പോളങ്ങളിൽ പൂവും പച്ചക്കറികളും ആവശ്യത്തിനെത്തുന്നു. തലസ്ഥാന ജില്ലയ്ക്ക് അത്യാവശ്യമല്ലെങ്കിലും ശിവകാശിയിൽനിന്ന് വിഷുവിനുള്ള പടക്കവും കേരളത്തിലേക്ക് എത്തിത്തുടങ്ങി.

വിഷുക്കണിക്ക് പ്രധാനമായ കണിവെള്ളരി പലയിടത്തും വൻതോതിൽ കൃഷിചെയ്തിരുന്നു. പള്ളിച്ചലിലെ കർഷകക്കൂട്ടായ്മയായ സംഘമൈത്രിയിലെ കർഷകൻ ബാലചന്ദ്രൻ നായരുടെ നേതൃത്വത്തിൽ 10,000 കിലോയോളം കണിവെള്ളരി വിളവെടുപ്പിന് പാകമായിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ വിഷുക്കണിക്ക് മാത്രമേ ഇവ ഉപയോഗിക്കാറുള്ളൂ. വിളവെടുത്താൽ നാലുമാസത്തോളം കേടുകൂടാതെ സൂക്ഷിക്കാനാകും. കഴിഞ്ഞ കൊല്ലം കണിവെള്ളരിയുടെ വിൽപ്പനയും നഷ്ടത്തിലായിരുന്നു.