പാറശ്ശാല: അതിർത്തിയോടുചേർന്ന് ഇഞ്ചിവിളയിലെ അഞ്ച് അനധികൃത ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരത്തോളം കിലോ അരി പിടിച്ചെടുത്തു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ വിജിലൻസ് സംഘമാണ് സംയുക്തപരിശോധന നടത്തിയത്. പിടികൂടിയ അരി അമരവിളയിലെ പൊതുവിതരണ വകുപ്പിന്റെ ഗോഡൗണിലേക്കുമാറ്റി.

ചൊവ്വാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിജിലൻസ് സംഘത്തിന്റെ നേതൃത്വത്തിൽ മുപ്പതോളം വരുന്ന ഉദ്യോഗസ്ഥസംഘം പരിശോധന ആരംഭിച്ചത്. സംഘത്തിലെ ഉന്നതർക്ക് മാത്രമാണ് പരിശോധന സംബന്ധിച്ച് അറിവുണ്ടായിരുന്നത്. ഇഞ്ചിവിള കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമയി റേഷൻ അരി സൂക്ഷിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധനയെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിജിലൻസ് ഓഫീസർ ഹരിപ്രസാദ് പറഞ്ഞു. പതിനൊന്നരയ്ക്ക് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു.

എ.കെ.ജി. നഗറിനും ഇഞ്ചിവിള ജങ്ഷനും ഇടയിലുള്ള നാല് ഗോഡൗണുകളിലായിരുന്നു ആദ്യം പരിശോധന. ഇഞ്ചിവിളയിലെ ആരിഫ് ഖാന്റെ ഗോഡൗണിൽനിന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ സൂക്ഷിച്ച 1880 കിലോയും സമീപത്തെ എ.കെ.പി. ഹൗസ് ഉടമ ഷെറിഫുദ്ദീന്റെ വീട്ടിൽനിന്ന്‌ 1200 കിലോ അരിയും കണ്ടെത്തി. ഇരുവർക്കും അരി സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഇല്ലെന്ന് പരിശോധനാസംഘം പറഞ്ഞു. തുടർന്ന് ഇഞ്ചിവിളയിലെ രണ്ട് ഗോഡൗണുകളിൽക്കൂടി അന്വേഷണസംഘം എത്തിയെങ്കിലും ഉടമകൾ സ്ഥാപനം പൂട്ടി കടന്നിരുന്നു. പാറശ്ശാല വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ പൂട്ട് പൊളിച്ചാണ് ഇവിടങ്ങളിൽ പരിശോധന നടത്തിയത്.

ഇഞ്ചിവിളയിലെ ഉടമസ്ഥനാരെന്ന് തിരിച്ചറിയാൻ കഴിയാത്ത കെട്ടിടത്തിൽനിന്ന്‌ ആയിരം കിലോയോളം അരിയാണ് കണ്ടെത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ സിവിൽ സപ്ലൈസ് റേഷൻ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന ചണം ചാക്ക് കണ്ടെത്തി. തുടർന്ന് പരിശോധനാസംഘം ഡേവിഡിന്റെ ഉടമസ്ഥതയിലുള്ള ആഷാ ട്രേഡേഴ്സിന്റെ പൂട്ട് പൊളിച്ച് പരിശോധന നടത്തി. ഇവിടെ വളരെക്കുറച്ച് അളവ് അരിമാത്രമാണ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കടയ്ക്കുപുറകിലായി രഹസ്യ ഗോഡൗൺ കണ്ടെത്തി. ഗോഡൗണിന്റെ പൂട്ട് തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉടമ സ്ഥലത്തെത്തി പൂട്ട് തുറന്നു. ഇവിടെനിന്ന് 1800 കിലോ അരിയാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ റേഷൻ ഉത്‌പന്നങ്ങൾ ചില്ലറയായി വാങ്ങി സൂക്ഷിക്കുന്നതാണെന്ന് സ്ഥാപന ഉടമ പരിശോധനാസംഘത്തോട് വെളിപ്പെടുത്തി.

തുടർന്ന് പരിശോധന പൂർത്തിയാക്കി സംഘം മടങ്ങുന്നതിനിടയിൽ നടുത്തോട്ടത്തെ ഫോർ എസ്. ട്രേഡേഴ്സിനെക്കുറിച്ച് വിവരം ലഭിക്കുകയും അവിടെനിന്ന് 6100 കിലോ ഭക്ഷ്യധാന്യം കണ്ടെത്തുകയും ചെയ്തു. ഗോഡൗണിലും രഹസ്യ അറയിലുമായി സൂക്ഷിച്ചിരുന്ന രണ്ടായിരത്തി അഞ്ഞൂറോളം കിലോ പുഴുക്കലരി, 3550 കിലോ പച്ചരി, 50 കിലോ ഗോതമ്പ് എന്നിവയാണ് കണ്ടെത്തിയത്.

അനധികൃതമായി ഭക്ഷ്യധാന്യം സൂക്ഷിച്ചതിന് സ്ഥാപന ഉടമകൾക്കെതിരേ അവശ്യസാധന നിയമപ്രകാരം കേസെടുക്കുമെന്നും റേഷനരിയാണോയെന്ന് കണ്ടെത്തുന്നതിനായി പരിശോധന നടത്തി റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്നും പരിശോധനാസംഘം അറിയിച്ചു. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ വിജിലൻസ് ഓഫീസർ ഹരിപ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജില്ലാ സപ്ലെ ഓഫീസർ ജലജ ജി.എസ്.റാണി, താലൂക്ക് സപ്ലെ ഓഫീസർമാരായ എ.ഷാനവാസ്, സി.ആർ.അജിത്ത്, വി.എം.വിജയകുമാർ, റി.കെ.ഷീല എന്നിവരും റേഷനിങ് ഓഫീസർമാരും പങ്കെടുത്തു.