നേമം : വെള്ളായണി കായലോരത്ത് സാമൂഹികവിരുദ്ധർ കത്തിച്ച കൊറ്റില്ലം പുനർനിർമിക്കുമെന്ന്‌ കല്ലിയൂർ പഞ്ചായത്ത്. ദേശാടനപ്പക്ഷികളുടെ ആവാസകേന്ദ്രമായ വെള്ളായണിയിൽ പക്ഷിനിരീക്ഷണത്തിനാണ് കായലിനോടു ചേർന്ന ബണ്ട് റോഡിൽ കിരീടം പാലത്തിനു സമീപത്ത് കൊറ്റില്ലം നിർമിച്ചത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും കല്ലിയൂർ പഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയാണിത്.

കൊറ്റില്ലത്തിന്റെ മുൻവശത്തെ മുളവേലി കത്തി. മുളയിൽ നിർമിച്ച ഇരിപ്പിടങ്ങളും നശിപ്പിച്ചു. അർധരാത്രിയിൽ പട്രോളിങ്ങിനിറങ്ങിയ നേമം പോലീസ് സംഘമാണ് തീ കത്തുന്നതുകണ്ട് അണച്ചത്. തിരുവല്ലം, നേമം പോലീസ് സ്റ്റേഷൻ അതിർത്തിയിലായതിനാൽ പഞ്ചായത്ത് പ്രതിനിധികൾ രണ്ട് സ്റ്റേഷനുകളിലും പരാതി നൽകിയിരുന്നെങ്കിലും ആരെയും പിടികൂടിയിട്ടില്ല. കൂടുതൽ സൗകര്യങ്ങളൊരുക്കി കൊറ്റില്ലം സുരക്ഷിതമാക്കുവാൻ പഞ്ചായത്ത് ശ്രമിക്കുമ്പോഴാണ് ഈ സംഭവമുണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ചന്തുകൃഷ്ണ പറഞ്ഞു. കഴിഞ്ഞ വർഷമാണ് കൊറ്റില്ലം ഉദ്ഘാടനം ചെയ്തത്.