വട്ടിയൂർക്കാവ് : 1984 മുതൽ ഹോക്കിയുടെ ബാലപാഠങ്ങൾ വട്ടിയൂർക്കാവിലെ കുരുന്നുകൾക്ക് പകർന്നുനൽകിയ വ്യക്തിയാണ്, ബുധനാഴ്ച അന്തരിച്ച നവാബ് ജാൻ. കുട്ടികളും രക്ഷിതാക്കളും സ്നേഹത്തോടെ 'വട്ടിയൂർക്കാവിന്റെ ഹോക്കി സാർ' എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. തൈക്കാട് ഹോക്കി ക്ലബ്ബ് കേന്ദ്രീകരിച്ച് പരിശീലനം നേടിയ നവാബ് ജാൻ സംസ്ഥാന-ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. 1976-ൽ സ്പോർട്സ് ക്വാട്ടയിൽ എഫ്.സി.ഐ.യിൽ ജോലിനേടിയ നവാബ് ജാൻ പ്രത്യേക അനുവാദം വാങ്ങി 84 മുതൽ വട്ടിയൂർക്കാവ് ഗവ. ഹൈസ്കൂളിലെ കുട്ടികളുടെ ഹോക്കി പരിശീലകനായി. 2000 വരെയുള്ള കാലയളവിൽ 1500-ൽ അധികം കുട്ടികളെയാണ് അദ്ദേഹം ഹോക്കി പരിശീലിപ്പിച്ചത്. വട്ടിയൂർക്കാവിൽ ഹോക്കി ക്ലബ്ബ് രൂപവത്കരിച്ചതും അദ്ദേഹമാണ്. ദേശീയ-സംസ്ഥാന താരങ്ങൾ ഉൾപ്പെടെ നിരവധി ശിഷ്യരും അദ്ദേഹത്തിനുണ്ട്. 1997 മുതൽ 2001 വരെ യൂണിവേഴ്സിറ്റി കോളേജിൽ ഹോക്കി പരിശീലകനായിരുന്നു. ഇക്കാലയളവിലാണ് 21 വർഷത്തിനുശേഷം ഇൻറർ കൊളീജിയറ്റ് ചാമ്പ്യൻഷിപ്പ് യൂണിവേഴ്സിറ്റി കോളേജ് നേടിയത്.

പാളയം മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയായിരുന്ന അദ്ദേഹം വാഴോട്ടുകോണം മസ്ജിദ് ലെയ്‌നിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.