തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ താത്‌കാലിക നിയമനത്തിനുള്ള അഭിമുഖം. തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ അഭിമുഖം നിർത്തിവെച്ചു. രണ്ടായിരത്തോളം പേരെങ്കിലും അഭിമുഖത്തിനെത്തിയതായാണ് പോലീസിന്റെ കണക്ക്. തിരക്ക് ഒഴിവാക്കാനുള്ള ഒരു മുൻകരുതലും എടുക്കാതെയാണ് അഭിമുഖത്തിനായി ഉദ്യോഗാർഥികളെ ക്ഷണിച്ചത്.

ഉദ്യോഗാർഥികൾ തടിച്ചുകൂടിയതോടെ പോലീസെത്തി പിരിച്ചുവിടുകയായിരുന്നു. എന്നാൽ വാഹനസൗകര്യമില്ലാത്ത സമയത്തും ഇത്രയധികം പേരെ വിളിച്ചുവരുത്തി തിരിച്ചുവിടുന്നതിൽ ഉദ്യോഗാർഥികളും പ്രതിഷേധിച്ചു. മെഡിക്കൽ കോളേജ് കാമ്പസിനുള്ളിലെ ഓഡിറ്റോറിയത്തിലാണ് അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നത്.

30 ഓളം ഒഴിവുകൾ മാത്രമാണുള്ളതെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നുണ്ടെങ്കിലും ഇത് അഭിമുഖത്തിനുള്ള അറിയിപ്പിൽ പറഞ്ഞിരുന്നില്ല. ഇതാണ് ഇത്രയധികം പേർ അഭിമുഖത്തിനെത്താൻ കാരണം. കോവിഡ് വാർഡിലേക്കുള്ള നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്കായായിരുന്നു അഭിമുഖം.

രാവിലെ 11-നാണ് അഭിമുഖം പറഞ്ഞിരുന്നതെങ്കിലും പുലർച്ചെ മുതൽ തന്നെ ഉദ്യോഗാർഥികൾ എത്തിയിരുന്നു. ആദ്യം എത്തിയവർക്ക് ടോക്കൺ നൽകിയെങ്കിലും തിരക്ക് നിയന്ത്രണാതീതമായതോടെയാണ് അഭിമുഖം നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.

റോഡിലെ തിരക്ക് കാരണം ആർ.സി.സി.യിലേക്ക് എത്തിയ രോഗികളും വലഞ്ഞു. മെഡിക്കൽ കോളേജിന്റെ കാമ്പസ് കടന്ന് ആർ.സി.സി.യും ശ്രീചിത്ര മെഡിക്കൽ സെന്ററും വരെ നീണ്ട നിരയായതോടെയാണ് പോലീസ് ഇടപെട്ടത്. സാമൂഹികാകലം പോലും പാലിക്കാതെ നൂറുകണക്കിനു പേരാണ് കാമ്പസിനുള്ളിൽ തടിച്ചുകൂടിയത്. നാന്നൂറോളം പേർക്ക് ടോക്കൺ നൽകിയശേഷം ബാക്കിയുള്ളവരോട് തിരിച്ചു പോകാനാവശ്യപ്പെട്ടെന്നും ഉദ്യോഗാർഥികൾ പറയുന്നു.

ഇതോടെ ഇവർ പ്രതിഷേധവുമായി അഭിമുഖം നടക്കുന്ന ഓഫീസിലെത്തി. തുടർന്ന് വന്നവരുടെയെല്ലാം അപേക്ഷകൾ വാങ്ങുകയായിരുന്നു. എന്നിട്ടും ഉദ്യോഗാർഥികൾ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ഇതിനിടയിൽ മെഡിക്കൽകോളേജ് അധികൃതർ ഉദ്യോഗാർഥികളോട് മോശമായി പെരുമാറിയെന്നാരോപിച്ചും പ്രതിഷേധങ്ങളുണ്ടായി.

ഉദ്യോഗാർഥികൾ പ്രതീക്ഷിച്ചതിലും കൂടുതൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് അഭിമുഖം നിർത്തിവെച്ചതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ തവണ നടത്തിയ അഭിമുഖത്തിൽ തിരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും ജോലിക്ക് ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും അഭിമുഖം നടത്താൻ തീരുമാനിച്ചിരുന്നത്. തീയതി പിന്നീട് അറിയിക്കുമെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

മന്ത്രി അടിയന്തര റിപ്പോർട്ട് തേടി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ലോക്ഡൗൺ കാലത്ത് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യ മന്ത്രി വീണാജോർജ്. ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിലുണ്ടായ വീഴ്ചയുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്‌ മന്ത്രി നിർദേശം നൽകി. അടിയന്തര യോഗത്തിലാണ് ഇതുസംബന്ധിച്ചു നിർദേശം നൽകിയത്.

മരുന്നുകളുടെയും ഗ്ലൗസ് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെയും മെഡിക്കൽ കോളേജിലെ ലഭ്യത സംബന്ധിച്ചും മന്ത്രി വിശദീകരണം തേടി. ഇവ എത്തിക്കാൻ അടിയന്തരമായി ഇടപെടാൻ കെ.എം.എസ്.സി.എൽ.നോട് മന്ത്രി ആവശ്യപ്പെട്ടു. അടുത്ത ദിവസം മുതൽ ആവശ്യമായ ഗ്ലൗസുകൾ എത്തിക്കുമെന്ന് കെ.എം.എസ്.സി.എൽ. ഉറപ്പുനൽകി. കോവിഡ് ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ മരുന്നുകമ്പനികളിൽനിന്നു കിട്ടാൻ വൈകിയാൽ കാരുണ്യാ ഫാർമസി വഴി ശേഖരിച്ചു നൽകേണ്ടതാണ്. നിശ്ചിത മരുന്ന് ആശുപത്രിയിൽ ലഭ്യമല്ലെങ്കിൽ ലോക്കൽ പർച്ചേസ് ചെയ്തെങ്കിലും ലഭ്യമാക്കണം. ദിവസവും അവലോകനയോഗം നടത്തി മരുന്നിെന്റയും ഉപകരണങ്ങളുെടയും ലഭ്യത ഉറപ്പുവരുത്തണം. എ.പി.എൽ., ബി.പി.എൽ. വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കണം. കോവിഡിന്റെ മൂന്നാം തരംഗം മുൻകൂട്ടിക്കണ്ട് മുന്നൊരുക്കങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്്. ആരോഗ്യവകുപ്പ് ഉന്നതോദ്യോഗസ്ഥരും മെഡിക്കൽ കോളേജ് അധികൃതരും യോഗത്തിൽ പങ്കെടുത്തു.