തിരുവനന്തപുരം : തിരുവനന്തപുരത്തെ കണ്ണാശുപത്രിയും കോവിഡ് ചികിത്സാകേന്ദ്രമാക്കുന്നു. കോവിഡ് സെക്കൻഡ് ലൈൻ ചികിത്സാകേന്ദ്രമാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. 200 കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി ലഭ്യമാക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടർ ആശുപത്രി അധികൃതർക്ക് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിയിൽ കിടക്കകൾ തയ്യാറാവുന്നത്.

ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ രണ്ടു നിലകളിലായുള്ള 140 കിടക്കകളാണ് കോവിഡ് ചികിത്സയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. കോവിഡ് ചികിത്സയ്ക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതോടെ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. പേ വാർഡിലെ 11 കിടക്കകൾ മാത്രമാണ് ആശുപത്രിയിലെ രോഗികൾക്കായി മാറ്റിവെച്ചിരിക്കുന്നത്.

തിമിര ശസ്ത്രക്രിയ്ക്ക് ഉൾപ്പെടെ നിരവധിപേരാണ് ആശുപത്രിയിലെത്തുന്നത്. എന്നാൽ, കിടക്കകൾ ലഭ്യമല്ലാത്തതിനാൽ സാധാരണ ശസ്ത്രക്രിയകൾ ഇപ്പോൾ നടക്കുന്നില്ല. ദിവസേന നാൽപ്പതോളം ശസ്ത്രക്രിയകളാണ് കോവിഡിനു മുമ്പ് ആശുപത്രിയിൽ നടന്നിരുന്നത്.

ആശുപത്രിയിലെ കോവിഡ് ചികിത്സയ്ക്കായി തയ്യാറാക്കുന്നതിനായുള്ള ക്രമീകരണങ്ങൾ ആശുപത്രിയിൽ പുരോഗമിക്കുകയാണ്. രോഗികൾക്ക് ഓക്‌സിജൻ ആവശ്യമായി വന്നാൽ അതു നൽകുന്നതിനായി കിടക്കകൾക്കു സമീപം പ്ലഗ് പോയിന്റുകളും മറ്റും സ്ഥാപിച്ചുകഴിഞ്ഞു.