കാട്ടാക്കട : കാട്ടാക്കട പൂവച്ചൽ കുറ്റിച്ചൽ കള്ളിക്കാട് പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വളരെ കുറച്ചുകേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ പറഞ്ഞു.

കാട്ടാക്കട പഞ്ചായത്തിൽ വ്യാഴാഴ്ച ആറുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 175 പേരാണ് ചികിത്സയിലുള്ളത്. പുതിയ രോഗികൾ കുറയുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സമയം തുറക്കാൻ അനുവാദം നൽകാൻ പഞ്ചായത്ത് തീരുമാനിച്ചു.

വെള്ളിയാഴ്ച തുറക്കാൻ അനുവാദമുള്ള സ്ഥാപനങ്ങൾ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ തുറക്കാം. ശനി, ഞായർ ദിവസങ്ങളിൽ പൂർണമായും അടയ്ക്ക‌ണം. ഹോട്ടലുകൾ രാവിലെ ഏഴു മുതൽ 7.30 വരെ ഹോം ഡെലിവറി മാത്രം. പൂവച്ചൽ പഞ്ചായത്തിൽ കഴിഞ്ഞ ദിവസം 23 പേർക്ക് പോസിറ്റീവ് ആയി. 109 പേരാണ് ചികിത്സയിലുള്ളത്. കുറ്റിച്ചൽ, കള്ളിക്കാട് പഞ്ചായത്തുകളിൽ രണ്ടു ദിവസമായി പുതിയ രോഗികളില്ല.

കള്ളിക്കാട് വ്യാഴാഴ്ച 38 പേർ രോഗമുക്തി നേടി. 30 പേർ മാത്രമാണ് ചികിത്സയിലുള്ളത്. കോവിഡ് പ്രതിസന്ധി പരിഹരിക്കാനും, ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും 'അഭയം' എന്ന പേരിൽ ദുരിതാശ്വാസനിധി രൂപവത്കരിച്ചതായി പ്രസിഡന്റ് പന്ത ശ്രീകുമാർ അറിയിച്ചു.

കുറ്റിച്ചലിൽ 25 പേർ രോഗമുക്തി നേടി. 119 പേരാണ് ചികിത്സയിലുള്ളത്.