വിളപ്പിൽശാല : സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ചേരിപ്പോര് പരസ്യമായ ഏറ്റുമുട്ടലിൽ കലാശിച്ചു. വിതരണംചെയ്യുന്ന ഭക്ഷ്യക്കിറ്റിന്റെ പേരിലാണ് ഇരുവിഭാഗവും ഏറ്റുമുട്ടിയത്. വ്യാഴാഴ്ച വൈകീട്ട് ഉറിയാക്കോട് സി.എസ്.ഐ. പള്ളിക്കു മുന്നിലാണ് സംഭവം. മഹായിടവക യുവജന വിഭാഗത്തിലെ ഫാദർ സജി എൻ.സ്റ്റുവർട്ടിന്റെ നേതൃത്വത്തിൽ വാഹനത്തിൽ ഉറിയാക്കോട് പള്ളിയിലെ വിശ്വാസികൾക്ക് ഭക്ഷ്യക്കിറ്റ്‌ വിതരണം ചെയ്യാനെത്തിയപ്പോൾ ഇടവകയിലെ ഒരുവിഭാഗം ഇതു ചോദ്യംചെയ്യുകയും തർക്കം ഏറ്റുമുട്ടലിലെത്തുകയുമായിരുന്നു.

തങ്ങൾ നടത്തുന്ന കാരുണ്യപ്രവർത്തനത്തിന്റെ അവകാശം സ്വന്തമാക്കാൻ മഹായിടവകയിലെ ഭരണപക്ഷം ബോധപൂർവം ഭക്ഷ്യക്കിറ്റുമായെത്തിയതാണെന്ന് പള്ളി കമ്മിറ്റി സെക്രട്ടറി ഷിനു ആരോപിച്ചു.

പള്ളിയങ്കണത്തിൽ ഭക്ഷ്യധാന്യവിതരണത്തിനായി സജ്ജീകരിച്ച സ്റ്റാൾ ഏറ്റുമുട്ടലിൽ തകർന്നു. മഹായിടവകയിൽ നിന്നെത്തിയ ഫാദർ സജി എൻ.സ്റ്റുവർട്ട്, ടെമ്പോ ഡ്രൈവർ നൗഫൽ എന്നിവരെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലിജോസൂരി, സത്യൻ എന്നിവർക്കും പരിക്കുണ്ട്.

അക്രമത്തിൽ ഒരു ഓട്ടോറിക്ഷ തകർന്നതായി പള്ളിക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അക്രമത്തിനുത്തരവാദികളായവരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് മഹായിടവക സെക്രട്ടറി ഡോ. പി.ടി.പ്രവീണിന്റെ നേതൃത്വത്തിൽ വിളപ്പിൽശാല പോലീസ് സ്‌റ്റേഷനു മുന്നിൽ വൈദികർ പ്രതിഷേധിച്ചു.