പൂവാർ: തീരദേശത്തെ ജനങ്ങൾക്ക് ആശ്വാസമായി. പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ വീണ്ടും കിടത്തിച്ചികിത്സ ആരംഭിക്കും. ഇവിടം കോവിഡ് ആശുപത്രിയാക്കാനുള്ള തീരുമാനം മാറ്റി. കോവിഡ് വ്യാപനം കുറയുന്നതിനാലാണ് കോവിഡ് ആശുപത്രിയാക്കേണ്ടെന്ന തീരുമാനമുണ്ടായത്.

ചികിത്സയ്ക്കുള്ള സൗകര്യങ്ങളെല്ലാം സജ്ജമാക്കിയിട്ടുള്ളതിനാൽ അടിയന്തര ഘട്ടത്തിൽ ആശുപത്രിയെ കോവിഡ് രോഗികൾക്കായി ഉപയോഗിക്കാനാവും. ഇപ്പോൾ കിടത്തിച്ചികിത്സ ആരംഭിക്കാൻ നടപടികൾ തുടങ്ങി.

തീരദേശത്ത് വ്യാപനം രൂക്ഷമായപ്പോഴാണ് പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രം കോവിഡ് ചികിത്സാകേന്ദ്രമാക്കാൻ തീരുമാനിച്ചത്. തുടർന്ന് ആശുപത്രിയിൽ മറ്റുരോഗമുള്ളവർക്ക് കിടത്തിച്ചികിത്സ ഒഴിവാക്കി ഒ.പി. പ്രവർത്തനം മാത്രമാക്കി. കിടത്തിച്ചികിത്സ ആവശ്യമുള്ള തീരദേശത്തെ ജനങ്ങൾ സമീപത്തെ മറ്റ് ആശുപത്രികളെയാണ് ആശ്രയിച്ചിരുന്നത്.

കോവിഡ് രോഗികൾക്ക് ഒരുക്കിയ 50 കിടക്കകളിൽ 24 എണ്ണം ഓക്‌സിജൻ സൗകര്യമുള്ളതാണ്. ഏതാനും ജീവനക്കാരെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനിടെ കരുംകുളം പഞ്ചായത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ കണ്ടത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി. മറ്റുരോഗങ്ങൾ പിടിപെടുന്നവരെ പൂവാർ, വിഴിഞ്ഞം ആശുപത്രികളിലേക്കാണ് റഫർ ചെയ്തിരുന്നത്.

പുല്ലുവിള ആശുപത്രിയെ കോവിഡ് ചികിത്സാകേന്ദ്രമാക്കാനുള്ള ഒരുക്കം തുടങ്ങിയതു മുതൽ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന ഒ.പി. സമയം ഉച്ചവരെയാക്കി കുറച്ചത് വലിയ എതിർപ്പുണ്ടാക്കി. കാഞ്ഞിരംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമാണ് പുല്ലുവിള സാമൂഹികാരോഗ്യകേന്ദ്രം.

കോവിഡ് ആശുപത്രിയായി മാറ്റാൻ തീരുമാനിച്ചതിനു പിന്നാലെ രാത്രിയിൽ ഡോക്ടറുടെ സേവനവും ഇല്ലാതായിരുന്നു. ഇതോടെ തീരദേശത്തെ നിർധനരായ നൂറുകണക്കിന് ആളുകൾക്ക് സമീപത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിയും വന്നു.

അടുത്തിടെയുണ്ടായ മഴയും കാറ്റും വെള്ളപ്പൊക്കവും കാരണം തീരദേശമേഖലയിൽ സാംക്രമിക രോഗങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽക്കൂടിയാണ് പുല്ലുവിള ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ തീരുമാനിച്ചത്. തീരദേശ പഞ്ചായത്തുകളിൽ അഞ്ചോളം ഡൊമിസിലറി കെയർ സെന്റർ പ്രവർത്തിക്കുന്നുണ്ട്.

തീരദേശത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. അതിനാൽ തത്കാലം പുല്ലുവിള ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നില്ല. ഇതിനാലാണ് ആശുപത്രിയിൽ കിടത്തിച്ചികിത്സ പുനരാരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇവിടെ കോവിഡ് ആശുപത്രിക്കുവേണ്ട സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എം.വി.മൻമോഹൻ,

അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

എ.ടി.എം. പിൻ നമ്പർ വാങ്ങി തട്ടിപ്പ്: 12 ലക്ഷം നഷ്ടമായി

കുഴിത്തുറ : ബാങ്ക് മാനേജർ എന്ന വ്യാജേന ഫോണിലൂടെ എ.ടി.എം. കാർഡിന്റെ പിൻ നമ്പരും ഒ.ടി.പി. നമ്പരും ചോദിച്ചുവാങ്ങി 12 ലക്ഷം രൂപ കവർന്നു. കുഴിത്തുറയ്ക്കുസമീപം പാകോട് കുഴിവിളയിലെ റിട്ട. ശാസ്ത്രജ്ഞൻ ബാലാസിങ്ങിന്റെ ഭാര്യ ലളിതാ ബാലാസിങ്ങിന്റെ പണമാണ് നഷ്ടമായത്.

എ.ടി.എം. കാർഡ് പുതുക്കാനെന്നുപറഞ്ഞാണ്‌ പിൻ നമ്പർ വാങ്ങിയത്. 21 പ്രാവശ്യമായിട്ടാണ് 12 ലക്ഷം രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്.

കബളിപ്പിക്കപ്പെട്ടതായി സംശയം തോന്നി എസ്.ബി.ഐ. ബ്രാഞ്ചിൽ എത്തി അന്വേഷിച്ചപ്പോഴാണ് തുക നഷ്ടമായതായി ദമ്പതിമാർ അറിഞ്ഞത്. മാർത്താണ്ഡം പോലീസിൽ പരാതി നൽകി.